പോളയത്തോട്‌ ലോക്കൽ കമ്മിറ്റി മാതൃക; ചേര്‍ത്തത് ആയിരം ദേശാഭിമാനി വാര്‍ഷിക വരിക്കാരെ

ദേശാഭിമാനി പത്ര ക്യാമ്പയിനിൽ 1000 കുടുംബങ്ങൾ വാർഷികവരിക്കാരായതിന്റെ ഭാഗമായി സിപിഐ എം പോളയത്തോട്‌ ലോക്കൽ കമ്മിറ്റി സ്ഥാപിച്ച പ്രചാരണബോർഡ്


 കൊല്ലം>  ദേശാഭിമാനി പത്രപ്രചാരണത്തിൽ മാതൃകയായി കൊല്ലം നഗരപ്രദേശമായ പോളയത്തോട്‌. സിപിഐ എം പോളയത്തോട്‌ ലോക്കൽ കമ്മിറ്റി ഏറ്റെടുത്ത പത്ര ക്യാമ്പയിനിൽ 1000 കുടുംബങ്ങൾ വാർഷികവരിക്കാരായി. എല്ലാ മേഖലകളിലുള്ളവരുടെയും  കൂട്ടായ്‌മയിലാണ്‌ തൊഴിലാളി വർഗത്തിന്റെ സമരായുധമായ ദേശാഭിമാനി ചരിത്രനേട്ടം കൈവരിച്ചത്‌. ചൊവ്വ വൈകിട്ട്‌ അഞ്ചിന്‌ പോളയത്തോട്‌ ജങ്‌ഷനിൽ ചേരുന്ന ചടങ്ങിൽ സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം കെ എൻ ബാലഗോപാൽ വാർഷികവരി പുർത്തീകരണ പ്രഖ്യാപനം നടത്തും. വർഗബഹുജന സംഘടനകൾ  ചേർത്തവ കൂടാതെയാണ്‌ 1000 പത്രം. കോർപറേഷനിൽ പട്ടത്താനം, മുണ്ടയ്‌ക്കൽ, ഉദയമാർത്താണ്ഡപുരം, കന്റോൺമെന്റ്‌ ഡിവിഷനുകൾ ഉൾപ്പെടുന്നതാണ്‌ പോളയത്തോട്‌ ലോക്കൽകമ്മിറ്റി. സിപിഐ എമ്മിന്‌ 17 ബ്രാഞ്ച്  പ്രവർത്തിക്കുന്നു. 6500 കുടുംബങ്ങളാണ്‌ ലോക്കൽ പരിധിയിലുള്ളത്‌. ലോക്കൽ സെക്രട്ടറി പി അനിത്തിന്റെ നേതൃത്വത്തിൽ മൂന്നുമാസം വിപുലമായ പ്രചാരണപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിഅംഗം എം വിശ്വനാഥനായിരുന്നു ചുമതല. മഹിളകൾ, യുവാക്കൾ, വിദ്യാർഥികൾ, പെൻഷൻകാർ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ പ്രത്യേക യോഗങ്ങൾ ബ്രാഞ്ച്‌, ലോക്കൽതലങ്ങളിൽ ചേർന്നു. സെമിനാറുകളും വീടുകൾ കയറിയിറങ്ങി പ്രചാരണവും സംഘടിപ്പിച്ചു. സമൂഹമാധ്യമങ്ങളെയും ഉപയോഗിച്ചു. ക്യാമ്പയിൻ വരുംദിവസങ്ങളിലും തുടരും.  ഏറ്റവും കൂടുതൽ പത്രം ചേർത്ത ബ്രാഞ്ചിന്‌ ലോക്കൽ സെക്രട്ടറിയായിരുന്ന ടി എസ്‌ തുണ്ടുവിളയുടെ പേരിൽ പുരസ്‌കാരം നൽകും.   പ്രഖ്യാപനച്ചടങ്ങിൽ മുതിർന്ന നേതാവ്‌ പി കെ ഗുരുദാസൻ, കവി മുരുകൻ കാട്ടാക്കട, സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി രാജേന്ദ്രൻ, കെ വരദരാജൻ, എം എച്ച്‌ ഷാരിയർ, ചിന്താ ജെറോം തുടങ്ങിയവർ പങ്കെടുക്കും. പ്രകടനവും കവിയരങ്ങും നാടൻപാട്ടും ഉണ്ടാകും. Read on deshabhimani.com

Related News