110 കെവി ട്രാക്‌ഷൻ 
സബ്‌ സ്റ്റേഷനായി



കൊല്ലം കൊല്ലം-–-ചെങ്കോട്ട പാതയിൽ പൂർണമായും വൈദ്യുത ട്രെയിനുകൾ ഓടിക്കുന്നതിന്‌ ആവശ്യമായ 110 കെവി ട്രാക്‌ഷൻ സബ്സ്റ്റേഷൻ നിർമാണം പുനലൂർ റെയിൽവേ സ്റ്റേഷനിൽ പൂർത്തിയായി. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ഓഫ് ഗവൺമെന്റ് ഓഫ് ഇന്ത്യ (ഇഐജിഐ) അനുമതി നൽകിയാൽ സ്റ്റേഷനിൽ 25കെവി വൈദ്യുതി പ്രവഹിപ്പിപ്പിച്ചു തുടങ്ങും. എന്നാൽ, ഇവിടേക്ക് കെഎസ്ഇബിയുടെ പുനലൂർ 110 കെവി സബ് സ്റ്റേഷനിൽനിന്ന്‌ വൈദ്യുതി എത്തിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല. വൈകാതെ ലഭിക്കുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്‌. കൊല്ലം–-ചെങ്കൊട്ട പാതയിൽ നിലവിൽ പുനലൂർ വരെ വൈദ്യുതിയും പുനലൂർ മുതൽ ചെങ്കൊട്ട വരെ ഡീസലും ഉപയോഗിച്ചാണ്‌ വണ്ടികൾ ഓടുന്നത്‌. 110 കെവി ട്രാക്‌ഷൻ സബ്സ്റ്റേഷൻ പ്രവർത്തിപ്പിക്കുന്നതോടെ പുനലൂർ–-ചെങ്കോട്ട പാതയിലും വൈദ്യുതി വണ്ടികൾ ഓടിത്തുടങ്ങും.   2021 നവംബറിലാണ് പുനലൂരിൽ സബ് സ്റ്റേഷൻ നിർമാണത്തിനുള്ള പ്രവൃത്തികൾ റെയിൽവേ ആരംഭിച്ചത്. ഒന്നരവർഷം കൊണ്ടുതന്നെ പ്രവൃത്തികൾ പൂർത്തിയാക്കി. സബ് സ്റ്റേഷനുള്ളിൽ ട്രാൻസ്‌ഫോർമറുകൾ സ്ഥാപിക്കുന്നത്‌ ഉൾപ്പെടെയുള്ള പ്രവൃത്തികളും പൂർത്തിയാക്കി. സർക്യൂട്ട് ബ്രേക്കർ, കൺട്രോൾ ആൻഡ്‌ റിലേ പാനൽ, വൈദ്യുത ട്രാൻസ്‌ഫോർമർ, പൊട്ടൻഷ്യൽ ട്രാൻസ്‌ഫോർമർ, ഐെസാലേറ്റർ തുടങ്ങിയവ സ്ഥാപിച്ചു. നിലവിൽ (ഒഎച്ച്) ലൈനിൽ പെരിനാട്ടെ സബ് സ്റ്റേഷനിൽനിന്നുള്ള 25കെവി വൈദ്യുതിയുമുണ്ട്. ഈ ലൈനിൽനിന്ന്‌ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാനാണ് ഇഐജിഐയുടെ അനുമതി വേണ്ടത്. ഇതിനുള്ള റിപ്പോർട്ട് മാർച്ചിൽ സമർപ്പിച്ചിരുന്നു. അനുമതി ലഭിച്ചാൽ സബ് സ്‌റ്റേഷനു പുറത്തുള്ള ഏതാനും വയറിങ് ജോലികൾകൂടിയേ ബാക്കിയുണ്ടാകൂ. സബ് സ്റ്റേഷനിലേക്ക് പുനലൂർ കെഎസ്ഇബി സബ് സ്റ്റേഷനിൽനിന്ന്‌ വൈദ്യുതി എത്തിക്കുന്നതിനുള്ള അടങ്കൽ പുതുക്കി സമർപ്പിച്ചിട്ടുണ്ട്. 28.75 കോടിയാണ് അടങ്കൽ. ഇത് കെഎസ്ഇബിയുടെ ചീഫ് എൻജിനിയറുടെ ഓഫീസിൽ പരിഗണനയിലാണ്. അനുമതി ലഭിച്ചാൽ 2.7 കിലോമീറ്റർ ദൂരത്തിൽ ഭൂഗർഭ കേബിൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കും. റെയിൽവേയ്‌ക്ക്‌ ടു ഫേസ് വൈദ്യുതി നൽകാൻ കെഎസ്ഇബിയുമായി ധാരണയായിട്ടുണ്ട്‌. മറ്റു തടസ്സങ്ങളില്ലാതെ പ്രവൃത്തി പൂർത്തിയായാൽ ഈ വർഷം തന്നെ റെയിൽവേ സബ് സ്റ്റേഷൻ പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.  വൈദ്യുതീകരണ 
ജോലികൾ തകൃതി  ഭഗവതീപുരം–-ഇടമൺ റീച്ചിൽ 35 കിലോമീറ്റർ നീളത്തിൽ വൈദ്യുതീകരണ ജോലികൾ പുരോഗമിക്കുന്നു. ഫൗണ്ടേഷൻ നിർമാണം അന്തിമഘട്ടത്തിലാണ്‌. വൈദ്യുത പോസ്‌റ്റ്‌ സ്ഥാപിക്കുന്ന ജോലിയും തകൃതി. പാറ പൊട്ടിച്ചാണ്‌ ഇവിടെ നിർമാണം. ടണൽ നിർമാണത്തിനും തുടക്കമായി. ഭഗവതീപുരം–-ചെങ്കൊട്ട, പുനലൂർ–-ഇടമൺ- റീച്ചുകളിൽ വൈദ്യുതീകരണ ജോലികൾ പൂർത്തിയായി.  Read on deshabhimani.com

Related News