അതിവേഗം



കൊല്ലം ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ പ്രവൃത്തി അതിവേഗം മുന്നോട്ട്‌. റോഡ്‌ വികസനത്തിന്‌ ഇതിനകം 56 ഹെക്ടർ ഏറ്റെടുത്തു. ഒരു ഹെക്ടർ മാത്രമാണ്‌ ഏറ്റെടുക്കാൻ ബാക്കിയുള്ളത്‌.  ആവശ്യമായ രേഖകൾ സ്ഥലം ഉടമകൾ ഹാജരാക്കാൻ വൈകുന്നതാണ്‌ ഇത്‌ ഏറ്റെടുക്കുന്നത്‌ വൈകാൻ കാരണം. ചാത്തന്നൂർ, വടക്കേവിള സ്‌പെഷ്യൽ തഹസിൽദാർ യൂണിറ്റുകളുടെ പരിധിയിലാണ്‌ ഈ ഒരു ഹെക്ടർ. ഏറ്റെടുത്ത ഭൂമിയിൽ കരാർ കമ്പനികൾ നിർമാണം ആരംഭിച്ചു.  2100 കോടി നൽകി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരമായി ഇതിനകം 2100 കോടി രൂപ വിതരണംചെയ്‌തു. 100 കോടി രൂപ നീക്കിയിരിപ്പുണ്ട്‌. ഏറ്റെടുക്കാനുള്ള ഭൂമിയുടെ നഷ്ടപരിഹാരം നൽകാനുള്ള തുകയാണിത്‌. കരുനാഗപ്പള്ളി, കാവനാട്‌ യൂണിറ്റുകളുടെ പരിധിയിൽ ഭൂമിയേറ്റെടുക്കലും നഷ്ടപരിഹാരം നൽകലും പൂർത്തിയായി. ജില്ലയിൽ രണ്ട്‌ റീച്ചായാണ്‌ നിർമാണം. കൊറ്റംകുളങ്ങര മുതൽ കൊല്ലം ബൈപാസ്‌ വരെ (കാവനാട്‌) ആന്ധ്ര പ്രദേശ്‌ ആസ്ഥാനമായുള്ള വിശ്വസമുദ്ര കൺസ്‌ട്രക്‌ഷൻ കമ്പനിക്കും കൊല്ലം ബൈപാസ്‌ മുതൽ കടമ്പാട്ടുകോണം വരെ ഹരിയാന കേന്ദ്രമായുള്ള ശിവാലയ കമ്പനിക്കുമാണ്‌ നിർമാണച്ചുമതല.  സർവീസ്‌ റോഡ്‌ ആദ്യം  ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിക്കൽ തകൃതിയാണ്‌. മരങ്ങൾ ഏറെക്കുറെ മുറിച്ചു. വൈദ്യുതി, ബിഎസ്‌എൻഎൽ തൂണുകൾ മാറ്റലും പൂർത്തിയായി. ദേശീയപാതയുടെ ഇരുവശങ്ങളിലെയും കുഴികളും വെള്ളക്കെട്ടുകളും നികത്താനും സർവീസ്‌ റോഡ്‌ ഒരുക്കാനുമുള്ള നിർമാണമാണ്‌ നടക്കുന്നത്‌.  അതിനിടെ ചിലയിടങ്ങളിൽ റോഡിന്റെ ഇവുവശങ്ങളിലായുള്ള താഴ്‌ചകൾ അപകടത്തിന്‌ കാരണമാകുമെന്ന വിമർശമുണ്ട്‌. ഇവിടങ്ങളിൽ മുന്നറിയിപ്പ്‌ ബോർഡ്‌ സ്ഥാപിച്ച്‌ നിർമാണം നടത്തണമെന്നാണ്‌ ആവശ്യം. Read on deshabhimani.com

Related News