അന്നു മടങ്ങി; ആവേശവും 
നർമവും നിറച്ച്‌

2016 ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം മുകേഷിന്റെ പ്രചാരണത്തിനായി ഇന്നസെന്റ് എത്തിയപ്പോൾ. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, 
കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ എന്നിവർ സമീപം


കൊല്ലം കൊല്ലത്തിന്റെ തെരഞ്ഞെടുപ്പ് ഓർമകളിലും മറക്കാനാകാത്ത ചിരിമൂഹൂർത്തങ്ങൾ സമ്മാനിച്ചയാളാണ്‌ ഇന്നസെന്റ്. കൊല്ലം നിയമസഭാ മണ്ഡലത്തിൽ രണ്ടുതവണ എം മുകേഷ്‌ എൽഡിഎഫ്‌ സ്ഥാനാർഥിയായപ്പോഴും ആവേശം പകരാൻ ഇന്നസെന്റ് കൊല്ലത്തിന്റെ മണ്ണിലെത്തി. 2016 ഏപ്രിലിൽ വാടിയിലെ കോസ്റ്റൽ ലൈബ്രറിക്കു മുന്നിലെ പ്രചാരണവേദിയിലെത്തിയ ഇന്നസെന്റ് ചിരിയുടെ മാലപ്പടക്കത്തിന്‌ തിരികൊളുത്തി.  "മമ്മൂട്ടിയും മോഹൻലാലുമെല്ലാം പറഞ്ഞു. എംപിയായാൽ നല്ല കാശ് അടിച്ചുമാറ്റാം. ദുഃഖം പറയുകയാണ്. രണ്ടു കൊല്ലം കഴിഞ്ഞു പത്തുപൈസ ഒരാള് എനിക്ക് ഇതുവരെ കൊണ്ടുതന്നിട്ടില്ല. എന്താ ഇവർക്ക് എന്റെ വീടിന്റെ വഴി അറിയില്ലേ. എനിക്കു വേണ്ട. പക്ഷേ, അവിടെയും ഇവിടെയും കൊടുക്കുന്നുവെന്ന് കേൾക്കുമ്പോ ഒരു കൊതി തോന്നിയതുകൊണ്ട് പറഞ്ഞുപോയതാ...' അന്ന് കത്തിനിന്ന സോളാർ അഴിമതിയെയും യുഡിഎഫിന്റെ മദ്യനയത്തെയും സ്വതസിദ്ധ ശൈലിയിൽ വിമർശിച്ച് ജനസാ​ഗരത്തിന്റെ നിറഞ്ഞ കൈയടി നേടിയാണ് ഇന്നസെന്റ് വേദി വിട്ടത്.  സിനിമയിലെപ്പോലെ ജീവിതത്തിലും നർമം കാത്തുസൂക്ഷിച്ചിരുന്നെങ്കിലും ഗൗരവമേറിയ പ്രതിസന്ധികളിൽ വലിയ സാന്ത്വനമായിരുന്നുവെന്ന് ഇന്നസെന്റിനെ അനുസ്മരിച്ച് എം മുകേഷ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. "പതിറ്റാണ്ടുകളുടെ ഊഷ്മള ബന്ധം.. സുഖമില്ലാതെ ഇരുന്നിട്ടു കൂടി രണ്ടാമതും എനിക്കുവേണ്ടി കൊല്ലത്ത് പ്രചാരണത്തിന് എത്തിയിരുന്നു... നിലപാടുകളിൽ മായം ചേർക്കാത്ത എന്റെ പ്രിയപ്പെട്ട കലാകാരന്, ജ്യേഷ്ഠസഹോദരന്, അന്ത്യാഭിവാദ്യങ്ങൾ...'എന്നും കുറിച്ചു. Read on deshabhimani.com

Related News