ഒടുവിൽ കൊല്ലത്തും സ്വന്തം ലേഖകന്‍



കൊല്ലം ജില്ലയിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃക്കരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ ഗൃഹനിരീക്ഷണത്തിലുണ്ടായിരുന്ന ആളുടെ രക്തസാമ്പിൾ പരിശോധനയിൽ പോസിറ്റീവായി സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജിൽ  പ്രവേശിപ്പിച്ചു.  കുടുംബാംഗങ്ങളേയും ആശുപത്രിയിൽ ഐസൊലേഷനിലാക്കി.   ദുബായിൽനിന്ന് വന്നയാൾക്കാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌.  റൂട്ട്മാപ് ഉൾപ്പെടെ  തയ്യാറാക്കിയിട്ടുണ്ട്.  രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട ആളുകൾക്ക് രോഗബാധ ഉണ്ടാകാതിരിക്കുന്നതിനും സമൂഹത്തിലേക്ക് വ്യാപിക്കാതിരിക്കുന്നതിനും അതീവ ജാഗ്രത തുടരുകയാണ്. ഗൃഹനിരീക്ഷണത്തിലുള്ളവർ ഒരു കാരണവശാലും മാനദണ്ഡങ്ങൾ ലംഘിച്ചു പുറത്തിറങ്ങരുത്. ഇത് രോഗവ്യാപ്തി പതിന്‍മടങ്ങായി വർധിപ്പിക്കും. ലോക്ക്ഡൗൺ കാലയളവിൽ എല്ലാവരും വീട്ടിലിരിക്കുകയാണ് വേണ്ടത്. എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽ ജില്ലാ ഭരണകേന്ദ്രം സഹായത്തിനു സജ്ജമാണ്. നിയമ ലംഘകർ കർശനനടപടി നേരിടേണ്ടി വരുമെന്ന്  കലക്ടർ ബി അബ്ദുല്‍ നാസർ വ്യക്തമാക്കി. 580 പേരുടെ രക്തസാമ്പിളുകൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിൽ 80 എണ്ണത്തിന്റെ ഫലംകൂടി വരാനുണ്ട്. 500 പേരുടെ ഫലം  വന്നതിൽ 499 എണ്ണം നെഗറ്റീവാണ്.  അതീവജാഗ്രത പുലർത്തേണ്ട സാഹചര്യമാണെങ്കിലും സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണ വിധേയമാണെന്നും വ്യാപനം തടയാൻ  വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചു വരികയാണെന്നും ഡിഎംഒ ആർ ശ്രീലത അറിയിച്ചു. Read on deshabhimani.com

Related News