പാങ്ങോട് കുഴിക്കലിടവക ലൈബ്രറി നമ്പർ1

പുത്തൂർ പാങ്ങോട് കുഴിക്കലിടവക ലൈബ്രറി സംഘടിപ്പിച്ച ‘വേനൽകളിയും കാര്യവും’ ബാലവേദി ക്യാമ്പിൽനിന്ന് (ഫയൽചിത്രം)


എഴുകോൺ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന പുത്തൂർ പാങ്ങോട് കുഴിക്കലിടവക ലൈബ്രറിക്ക് ഇരട്ടിമധുരമായി പുരസ്‌കാര നേട്ടം. 2020ലെ മികച്ച ബാലവേദിക്കുള്ള സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ പി രവീന്ദ്രൻ പുരസ്‌കാരമാണ് ലഭിച്ചത്. പ്രഭാത് ബുക്ക്‌ ഹൗസിന്റെ 20,000 രൂപയുടെ പുസ്തകങ്ങളാണ് പുരസ്‌കാരം. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുവരുമ്പോൾ പുരസ്‌കാരം വിതരണംചെയ്യും.  വേനൽകളിയും കാര്യവും എന്ന പേരിൽ അഞ്ചുദിവസത്തെ ബാലവേദി ക്യാമ്പ്, ചാന്ദ്ര സ്പർശത്തിന്റെ നൂറാം വാർഷികം, വലയസൂര്യഗ്രഹണത്തിന്റെ ഭാഗമായി  പഠന ക്ലാസുകൾ, സൂര്യഗ്രഹണ ദർശനം, തുമ്പ ഐഎസ്ആർഒ സന്ദർശനം, വായനാമത്സരം, ബാലോത്സവം, പുസ്തകക്കൂട് സ്ഥാപിക്കൽ, കുരീപ്പുഴ ശ്രീകുമാർ, മുരുകൻ കാട്ടാക്കട, ജയരാജ് വാര്യർ, ജോബി, ആദിത്യ സുരേഷ് എന്നിവർ പങ്കെടുത്ത് കോവിഡ് കാലത്ത് നടത്തിയ ഓൺലൈൻ കലാസദസ്സ്‌ തുടങ്ങിയവയാണ് ബാലവേദിയെ വ്യത്യസ്‌തമാക്കിയത്‌.  ഇരുന്നൂറിലധികം കുട്ടികൾ  വായനശാലയിൽ അംഗങ്ങളായുണ്ട്‌. 830 അംഗങ്ങളും 18,000ൽ അധികം പുസ്തകങ്ങളുമുള്ള ലൈബ്രറി താലൂക്ക് റഫറൻസ് ഗ്രന്ഥശാലയാണ്. പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറിയ ലൈബ്രറിയുടെ പ്രസിഡന്റ് ഡി സത്യബാബുവും സെക്രട്ടറി ജെ കൊച്ചനുജനുമാണ്‌.   ബാലവേദിയെ നയിക്കുന്നത്‌ എസ് അഖില (പ്രസിഡന്റ്‌), ആനന്ദ്‌ (സെക്രട്ടറി) എന്നിവരാണ്‌. വി എസ് ആദർശ്‌ (കൺവീനർ), എസ് ഗോപകുമാർ (കലാസാംസ്കാരിക കൺവീനർ) എന്നിവരും നേതൃത്വം നൽകുന്നു.  Read on deshabhimani.com

Related News