എംഡിഎംഎയുമായി ഘാന സ്വദേശി 
ബം​ഗളൂരുവിൽ പിടിയിൽ

ക്രിസ്റ്റ്യൻ ഉഡോ


കരുനാഗപ്പള്ളി എംഡിഎംഎയുമായി ഘാന സ്വദേശിയെ കരുനാഗപ്പള്ളി പൊലീസ്‌ ബം​ഗളൂരുവിൽനിന്ന്‌ അറസ്റ്റ്ചെയ്തു. അന്താരാഷ്ട്ര ലഹരിമാഫിയ സംഘത്തിലെ മുഖ്യകണ്ണിയായ ക്രിസ്റ്റ്യൻ ഉഡോ (28, ബാബജോൺ) ആണ്‌ 55 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. മൂന്നാഴ്ച മുമ്പ്‌ കൊല്ലം സ്വദേശി അജിത് എന്ന യുവാവിനെ 52 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ്ചെയ്തിരുന്നു. അജിത്തുമായി ബം​ഗളൂരുവിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ 17ന് പാലക്കാട് സ്വദേശിയായ അൻവർ എന്നയാളെ അറസ്റ്റ്ചെയ്തു. ഇയാളിൽനിന്നാണ്‌ ക്രിസ്റ്റ്യൻ ഉഡോയെക്കുറിച്ച്‌ വിവരം ലഭിച്ചത്‌.   മയക്കുമരുന്ന്, സൈബർ തട്ടിപ്പ്‌ കേസിൽ പ്രതിയായ ക്രിസ്റ്റ്യൻ ഉഡോ സ്റ്റുഡന്റ്‌സ്‌ വിസയിലാണ് ഇന്ത്യയിൽ തങ്ങുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മെത്താഫിറ്റാമിൻ, ഹെറോയിൻ എന്നിവയടക്കമുള്ള മയക്കുമരുന്നുകൾ മൊത്തമായി വിതരണംചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്‌ ഇയാൾ. സിനിമാ മേഖലയിലുള്ളവരും പ്രൊഫഷണൽ വിദ്യാർഥികളും ഇയാളുടെ ഇടപാടുകാരുടെ പട്ടികയിൽ ഉണ്ട്. കരുനാഗപ്പള്ളി എസ്എച്ച്ഒ ജി ഗോപകുമാർ, എസ്ഐമാരായ അലോഷ്യസ് അലക്സാണ്ടർ, ജിമ്മി ജോസ്, ശരത്ചന്ദ്രൻ, എഎസ്ഐമാരായ ഷാജിമോൻ നന്ദകുമാർ, എസ്‌സിപിഒമാരായ രാജീവ്, സാജൻ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ അറസ്റ്റ്ചെയ്തത്‌. റിമാൻഡ്ചെയ്തു.  Read on deshabhimani.com

Related News