മുസ്ലിം ലീഗിന്‌ സീറ്റ്‌ കിട്ടില്ല



കൊല്ലം തെരഞ്ഞെടുപ്പിന്‌ തീയതിയായെങ്കിലും സീറ്റുവിഭജനത്തിൽ ഒരുപടിപോലും മുന്നോട്ടുപോകാതെ പ്രതയിസന്ധിയിലാണ്‌ ജില്ലയിലെ യുഡിഎഫ്‌. തർക്കം പരിഹരിച്ചില്ലെങ്കിലും മുസ്ലിം ലീഗിന്‌ ഇക്കുറി സീറ്റുണ്ടാവില്ല. ഇക്കാര്യം ഡിസിസി നേതൃത്വം കെപിസിസിയെ അറിയിച്ചുകഴിഞ്ഞു. തർക്കം രൂക്ഷമായതിനാൽ   താഴേത്തട്ടിൽ തെരഞ്ഞെടുപ്പു‌ കമ്മിറ്റികൾ പോലും രൂപീകരിക്കാൻ യുഡിഎഫിനു‌ കഴിയുന്നില്ല.  കഴിഞ്ഞ തവണ പുനലൂർ മണ്ഡലമാണ്‌ ലീഗിനു‌ നൽകിയിരുന്നത്‌. ജില്ലയിൽ സീറ്റ്‌ നൽകാനുള്ള ശേഷി ലീഗിന്‌ ഇല്ലെന്നും ഡിസിസി പ്രസിഡന്റും ജില്ലയിലെ കെപിസിസി ഭാരവാഹികളും ഹൈക്കമാൻഡ്‌ പ്രതിനിധികളുമായുള്ള ചർച്ചയിലും ചൂണ്ടിക്കാട്ടിയിരുന്നു. എൽഡിഎഫിന്‌ വലിയ മുൻതൂക്കമുള്ള പുനലൂർ സീറ്റിൽ എ യൂനുസ്‌ കുഞ്ഞിനെ ഇനി പിന്തുണയ്‌ക്കാൻ വയ്യെന്ന്‌ അവിടുന്നുള്ള ഡിസിസി ഭാരവാഹികൾ നേരത്തെ ഡിസിസി നേതൃത്വത്തെ അറിയിച്ചതാണ്‌. ഒരു സീറ്റ്‌ അധികമെന്ന ആർഎസ്‌പിയുടെ മോഹവും നടക്കാനിടയില്ല. ഒട്ടും വിജയസാധ്യതയില്ലാത്ത ഇരവിപുരം, ചവറ, കുന്നത്തൂർ മണ്ഡലങ്ങൾക്കു‌ പുറമെ കൊല്ലമോ കുണ്ടറയോ വേണമെന്നാണ്‌ ആർഎസ്‌പിയുടെ ആവശ്യം. കോൺഗ്രസിൽ കാര്യങ്ങൾ ഒട്ടും പന്തിയല്ല. കൊല്ലം സീറ്റ്‌ മാത്രം ലക്ഷ്യംവച്ച്‌ പ്രവർത്തിക്കുന്ന ഡിസിസി പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണയും ഇതേ സീറ്റിനായി‌ ഐ ഗ്രൂപ്പിൽനിന്ന്‌ ശൂരനാട്‌ രാജശേഖരനും തമ്മിൽ പൊരിഞ്ഞപോരാണ്‌. രണ്ടുപേരെയും മാറ്റിനിർത്തി പുതിയ ഒരാളെ സ്ഥാനാർഥിയായി പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്‌. എഐസിസി സെക്രട്ടറി പി സി വിഷ്‌ണുനാഥിനെ ജില്ലയിൽ മത്സരത്തിന്‌ ഇറക്കാൻ ഉമ്മൻചാണ്ടി ആഗ്രഹിക്കുന്നു. എന്നാൽ, ഒരു സീറ്റിലും വിജയ പ്രതീക്ഷയില്ലാത്തത്‌ ഉമ്മൻചാണ്ടിയെ അലട്ടുന്നു. പത്തനാപുരത്ത്‌ ജ്യോതികുമാർ ചാമക്കാല ഏകപക്ഷീയമായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ച്‌ അണിയറനീക്കത്തിലാണ്‌. Read on deshabhimani.com

Related News