യുവജനം ഇരമ്പിയെത്തി; ടോൾ പിരിച്ചില്ല



കൊല്ലം കൊല്ലം ബൈപാസിൽ ടോൾ പിരിക്കാനുള്ള കേന്ദ്രസർക്കാരിന്റെയും കരാറുകാരന്റെയും ശ്രമം ശക്തമായ യുവജന പ്രതിഷേധത്തെ തുടർന്ന്‌ നടന്നില്ല. ഡിവൈഎഫ്‌ഐ പ്രവർത്തകരാണ്‌ രാവിലെതന്നെ പ്രതിഷേധവുമായെത്തിയത്‌. തുടർന്ന്‌ കലക്ടറും എസിപിയും എത്തി കരാറുകാരെ തിരിച്ചയക്കുകയായിരുന്നു. ടോൾ പ്ലാസയിൽ ഘടിപ്പിച്ച ഫാസ്‌റ്റ്‌ ട്രാക്ക്‌ റീഡറും പ്രവർത്തകർ ഓഫ്‌ ചെയ്യിപ്പിച്ചു.   ബൈപാസിൽ ടോൾ പിരിക്കുന്നതിനെതിരെ സംസ്ഥാനം കേന്ദ്രത്തിന്‌ കത്തയച്ചിരുന്നു. ഡിവൈഎഫ്‌ഐ ഉൾപ്പെടെ സംഘടനകളും സമരവുമായി രംഗത്തുവന്നിരുന്നു.  ഇത്‌ അവഗണിച്ചാണ്‌ ടോൾ പിരിക്കാൻ ദേശീയപാത അതോറിറ്റി കരാറുകാരനെ ചുമതലപ്പെടുത്തി സജീകരണം ഒരുക്കിയത്‌.  വെള്ളിയാഴ്‌ച രാവിലെ എട്ടുമുതൽ ടോൾ പിരിക്കുമെന്ന അറിയിപ്പ്‌ എത്തിയത്‌ വ്യാഴാഴ്ച സന്ധ്യയോടെയാണ്‌. കലക്ടർക്ക്‌ വാട്സാപ്പിലാണ്‌ സന്ദേശം എത്തിയത്‌.  വെള്ളിയാഴ്‌ച രാവിലെ  ജില്ലാ സെക്രട്ടറി എസ്‌ ആർ അരുൺബാബുവിന്റെ നേതൃത്വത്തിൽ നൂറുകണക്കിന്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ കുരീപ്പുഴയിലെ ടോൾ പ്ലാസയിലേക്ക്‌ പ്രതിഷേധവുമായെത്തി. ടോൾ  അനുവദിക്കില്ലെന്നും വാഹനങ്ങൾ കടത്തിവിടുമെന്നും പ്രഖ്യാപിച്ച ഡിവൈഎഫ്‌ഐ നേതാക്കൾ ടോൾ പ്ലാസയിൽ കൊടികെട്ടി.  ടോൾ ഓഫീസ് ജീവനക്കാരെയും പ്രോജക്ട് മാനേജർ ഓഫീസും‌‌ ഉപരോധിച്ചു. പിരിവ്‌ രേഖാമൂലം അറിയിച്ചിട്ടില്ലെന്നും സർക്കാർ ഉത്തരവില്ലാതെ ടോൾ അനുവദിക്കില്ലെന്നും കലക്ടർ ബി അബ്ദുൽനാസറും നിലപാടെടുത്തു. പ്രതിഷേധം കനത്തതോടെ കൊല്ലം എസിപിയുടെ നേതൃത്വത്തിൽ  പൊലീസ്‌ കരാറുകാരെ തിരിച്ചയച്ചു. രാവിലെ എട്ടിന്‌ ആരംഭിച്ച പ്രതിഷേധം പകല്‍ 11.30നാണ് അവസാനിച്ചത്‌‌.  ഉപരോധം  ജില്ലാ സെക്രട്ടറി എസ്‌ ആർ അരുൺബാബു ഉദ്‌ഘാടനംചെയ്‌തു. രഞ്ജിത് അധ്യക്ഷനായി. പി കെ സുധീർകുമാർ,  ആർ അനിൽകുമാർ,  നാസിമുദീൻ, അജിത്‌, വി കെ അനിരുദ്ധൻ, എ അമാൻ,  വിപിൻ,  മഹേഷ്, അജേഷ്,  ലാൽ, ശരത്  നാസിം,  ആരോമൽ, അനന്ദു, രമേശ്‌, സജീർ എന്നിവർ  സംസാരിച്ചു.    ആറുവരിപ്പാത പൂർത്തിയാകുംവരെ ടോൾ ഒഴിവാക്കണമെന്ന്‌ മന്ത്രി ജി സുധാകരൻ ദേശീയപാതാ അതോറിറ്റി ചെയർമാന്‌ കത്ത്‌ നൽകിയിരുന്നു. 352 കോടി രൂപ ചെലവഴിച്ചാണ്‌ കൊല്ലം ബൈപാസ്‌ നിർമിച്ചത്‌. കേന്ദ്ര –-സംസ്ഥാന സർക്കാരുകൾ തുല്യമായാണ്‌ തുക നീക്കിവച്ചത്‌.  ടോൾ പിരിവിലൂടെ  വർഷം 11.52 കോടി രൂപ കേന്ദ്രത്തിന്‌ ലഭിക്കുമെന്നാണ്‌‌ ‌കണക്കാക്കുന്നത്‌. Read on deshabhimani.com

Related News