എഴുകോൺ പൊലീസ് സ്റ്റേഷന്‌ പുതിയ മന്ദിരം



എഴുകോൺ എഴുകോൺ പൊലീസ് സ്റ്റേഷന് പുതിയ ബഹുനില മന്ദിരം നിർമിക്കാൻ 1.65 കോടി രൂപയുടെ ഭരണാനുമതി. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് ആഭ്യന്തര വകുപ്പിന്റെ  ഭരണാനുമതി ലഭിച്ചത്. പുരുഷ, വനിതാ പൊലീസുകാർക്ക് പ്രത്യേക വിശ്രമ മുറികൾ, ഭോജനശാല, ശുചിമുറികൾ, പ്രഥമശുശ്രുഷയ്‌ക്ക് സ്ഥലം, മോട്ടോർ ട്രാൻസ്‌പോർട്ട് വിഭാഗം എന്നിവ കെട്ടിടത്തിൽ ഒരുക്കും.   താഴത്തെ നിലയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ, ക്രമസമാധാന ചുമതലയുടെ സബ് ഇൻസ്‌പെക്ടർ എന്നിവർക്കുള്ള പ്രത്യേക ക്യാബിനുകൾ, ഹെഡ്കോൺസ്റ്റബിൾമാരുടെയും റൈറ്റർമാരുടെയും മുറികൾ, സ്ത്രീകൾ, പുരുഷന്മാർ, ട്രാൻസ് ജൻഡറുകൾ എന്നിവർക്കുള്ള പ്രത്യേക ലോക്ക് അപ്പുകൾ, സിസിടിവി കൺട്രോൾ മുറി, വയർലെസ്‌ മുറി, സന്ദർശകരുടെ വിശ്രമമുറികൾ, പ്രത്യേക ശുചിമുറികൾ എന്നിവയുമുണ്ടാകും.   ഒന്നാംനിലയിൽ ക്രൈം സബ് ഇൻസ്‌പെക്ടറുടെ ക്യാബിൻ, സാക്ഷികളുടെ വിസ്താരമുറി, റെക്കോഡ് മുറി, റഫറൻസ് ലൈബ്രറി, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ശുചിമുറികൾ, റിക്രിയേഷൻ റൂം എന്നിവയും സജ്ജീകരിക്കും.   പൊലീസ് സ്റ്റേഷൻ ദീർഘനാളായി ശോച്യാവസ്ഥയിലുള്ള പഴയ വാടകക്കെട്ടിടത്തിലാണ്‌ പ്രവർത്തിക്കുന്നത്‌. പുതിയ കെട്ടിടം നിർമിക്കാൻ ജലവിഭവ വകുപ്പിന്റെ അധീനതയിൽ എഴുകോൺ ടെക്‌നിക്കൽ സ്കൂളിനു സമീപം അറുപറക്കോണത്ത് 20 സെന്റ് സ്ഥലം ആഭ്യന്തര വകുപ്പിനു കൈമാറിയിട്ടുണ്ട്‌. നിർമാണച്ചുമതലയുള്ള ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനോട് പ്രവർത്തനം അടിയന്തരമായി ആരംഭിക്കാൻ നിർദേശം നൽകി. Read on deshabhimani.com

Related News