സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കി 
അന്വേഷണസംഘം



  സ്വന്തം ലേഖകൻ ചടയമംഗലം ലോറി ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തിൽ തെളിവിന്റെയും ദൃക്‌സാക്ഷികളുടെയും അഭാവം അന്വേഷക സംഘത്തെ കുഴയ്ക്കുന്നു. അഞ്ചൽ, കൊട്ടാരക്കര, തിരുവനന്തപുരം റൂട്ടിലെ എല്ലാ സിസിടിവി ക്യാമറകളും പരിശോധിക്കുകയാണ്‌ പൊലീസ്‌. ആയൂർ –- അഞ്ചൽ റൂട്ടിൽ പെരിങ്ങള്ളൂരിൽ പമ്പുഹൗസിനു സമീപം പാർക്ക്‌ ചെയ്‌തിരുന്ന ലോറിയിലെ ഡ്രൈവർ കേരളപുരം സ്വദേശി അജയൻപിള്ള (59) യെയാണ്‌ വ്യാഴാഴ്‌ച ലോറിക്കു സമീപം കുത്തേറ്റ്‌ രക്തംവാർന്ന നിലയിൽ കണ്ടെത്തിയത്‌. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.  സംഭവത്തിനുശേഷം പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുള്ള റോഡുകൾ കേന്ദ്രീകരിച്ചാണ്‌ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നത്‌. പണം കവരുന്നതിനോ മുൻ വൈരാഗ്യത്തിന്റെ പേരിലോ ആകാം കൊലപാതകമെന്ന്‌ പൊലീസ്‌ സംശയിക്കുന്നു. സമീപ പ്രദേശങ്ങളിലെ പൊലീസ്‌ സ്‌റ്റേഷനുകളിൽ രജിസ്റ്റർചെയ്‌തിട്ടുള്ള മോഷണക്കേസുകളും പ്രതികളുടെ വിശദവിവരവും അന്വേഷകസംഘം ശേഖരിക്കുന്നുണ്ട്‌. മറ്റു ക്രിമിനൽ കേസുകളിലെ പ്രതികളുടെ വിവരങ്ങളും പരിശോധിക്കുന്നു. ലോറിയിൽ ഉണ്ടായിരുന്ന 65,000 രൂപ നഷ്ടപ്പെട്ടിരുന്നില്ല. പണം മോഷ്‌ടിക്കുന്നതിനിടെ ഉറങ്ങിക്കിടന്ന ഡ്രൈവർ ഉണർന്നുവെന്നും തുടർന്ന്‌ പ്രതികൾ കൃത്യം ചെയ്‌തിരിക്കാമെന്നും പൊലീസ്‌ സംശയിക്കുന്നു. ഇതിനകം നിരവധിപേരെ ചോദ്യംചെയ്‌തു. കൊട്ടാരക്കര ഡിവൈഎസ്‌പി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ 21 അംഗ സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. അഡീഷണൽ റൂറൽ എസ്‌പി മധുവും അന്വേഷണത്തിന്‌ മേൽനോട്ടം വഹിക്കുന്നുണ്ട്‌.   Read on deshabhimani.com

Related News