ആര്യങ്കാവിൽ 10,750 കിലോ 
പഴകിയ മത്സ്യം പിടികൂടി

ആര്യങ്കാവിൽ പിടികൂടിയ പഴകിയ മത്സ്യം 
കുഴിച്ചു മൂടുന്നു


 കൊല്ലം തമിഴ്നാട്ടിൽനിന്ന് ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി കൊണ്ടുവന്ന 10,750 കിലോ പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ്‌ ഉദ്യോഗസ്ഥർ പിടികൂടി. മൂന്ന് കണ്ടെയ്നറിലായി കൊണ്ടുവന്ന ഭക്ഷ്യയോ​ഗ്യമല്ലാത്ത മത്സ്യം വെള്ളി രാത്രി 11 മുതൽ ശനി പുലർച്ചെ  അഞ്ചുവരെ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ചീഞ്ഞളിഞ്ഞതും പൂപ്പൽ പിടിച്ചതും ദുർ​ഗന്ധം വമിക്കുന്നതുമായ ചൂരയാണ്‌ കണ്ടെയ്നറിലുണ്ടായിരുന്നത്‌. കേരളത്തിൽ ട്രോളിങ് നിരോധനം നിലവിലുള്ളതിനാൽ തമിഴ്നാട്ടിൽനിന്ന് വ്യാപകമായി മത്സ്യം എത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ‘ഓപ്പറേഷൻ മത്സ്യ’യുടെ ഭാഗമായി ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്ന മത്സ്യങ്ങൾ പരിശോധിച്ചത്.  തമിഴ്നാട്ടിലെ നാ​ഗപട്ടണം, കടലൂർ എന്നിവിടങ്ങളിൽനിന്ന് അടൂർ, കരുനാ​ഗപ്പള്ളി, ആലങ്കോട് എന്നിവിടങ്ങളിലെ മൊത്തമത്സ്യ മാർക്കറ്റിൽ വിൽപ്പനയ്‌ക്കായാണ്‌ ഇവ കൊണ്ടുവന്നത്. മൊബൈൽലാബിലെ പ്രാഥമിക പരിശോധനയിൽ തന്നെ പഴകിയ മത്സ്യമാണെന്ന്‌ കണ്ടെത്തി. മറ്റു രാ​സവസ്തുക്കൾ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കാൻ മത്സ്യത്തിന്റെയും ഐസിന്റെയും 10 സാമ്പിൾ കൊച്ചിയിലെ  ലാബിലേക്ക് അയച്ചു. മത്സ്യം കൊണ്ടുവന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമ നടപടി സ്വീകരിക്കും. വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി. ഭക്ഷ്യസുരക്ഷ  ഉദ്യോ​ഗസ്ഥരായ  ലക്ഷ്മി നായർ, നിഷ റാണി, സുജിത് പരേര, ഓഫീസ് ജീവനക്കാരനായ ജയപ്രകാശ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്‌. Read on deshabhimani.com

Related News