ചലച്ചിത്രാസ്വാദന ക്യാമ്പിന് സമാപനം

ശ്രീനാരായണഗുരു സംസ്‌കാരിക സമുച്ചയത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ത്രിദിന ചലച്ചിത്രാസ്വാദന 
ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ എ മുകേഷ് എംഎൽഎയ്ക്കൊപ്പം


കൊല്ലം ശ്രീനാരായണഗുരു സംസ്‌കാരിക സമുച്ചയത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച ത്രിദിന ചലച്ചിത്രാസ്വാദന ക്യാമ്പ് സമാപിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ നടനും എംഎൽഎയുമായ മുകേഷുമായുള്ള സംവാദം കുട്ടികൾക്ക് നർമ മധുരമായ അനുഭവമായി. ഇൻ ഹരിഹർ നഗറിലെ 'ഏകാന്തചന്ദ്രികേ...' എന്ന ഹിറ്റ് ഗാനം പാടിയാണ് കുട്ടികൾ അദ്ദേഹത്തെ വരവേറ്റത്.  കോളേജ് പഠനകാലത്ത് നാടക ക്യാമ്പിൽ പങ്കെടുത്തതിൽനിന്നുണ്ടായ അഭിനയ പരിചയമാണ് തന്നിലെ നടനെ രൂപപ്പെടുത്തിയതെന്ന് മുകേഷ് പറഞ്ഞു. ആ ക്യാമ്പിനുശേഷമാണ് അതുവരെ കണ്ടതും അഭിനയിച്ചതുമൊന്നുമല്ല നാടകമെന്ന് മനസ്സിലായത്. അതിനാൽ ഇത്തരം ക്യാമ്പുകൾ കുട്ടികളുടെ കഴിവുകളെ പരിപോഷിപ്പിക്കാൻ ഉതകുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.       മികച്ച ക്യാമ്പ് അംഗമായി തെരഞ്ഞെടുത്ത അഞ്ചാലുംമൂട് ഗവ. ഹൈസ്‌കൂൾ വിദ്യാർഥി എസ് അകിര, മികച്ച ആസ്വാദനക്കുറിപ്പ് എഴുതിയ കൊല്ലം ടികെഎം എച്ച്എസ്എസ് വിദ്യാർഥി അഹ്‌സാൻ എന്നിവർക്കുള്ള 2000 രൂപയുടെ ക്യാഷ് അവാർഡുകളും ക്യാമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും മുകേഷ് എംഎൽഎ വിതരണംചെയ്തു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്,  ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈൻ ദേവ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനിൽ വെള്ളിമൺ, ശിശുക്ഷേമ സമിതി ട്രഷറർ എൻ അജിത് പ്രസാദ്, ക്യാമ്പ് ഡയറക്ടർ ഗായത്രി വർഷ തുടങ്ങിയവര്‍ പങ്കെടുത്തു.   Read on deshabhimani.com

Related News