കരുനാഗപ്പള്ളിയിൽ ഒരു ഹോട്ടലും 
3 തട്ടുകടകളും അടപ്പിച്ചു

കരുനാഗപ്പള്ളി നഗരസഭയിൽ കടകളിൽ അധികൃതർ പരിശോധന നടത്തുന്നു


കരുനാഗപ്പള്ളി ഭക്ഷ്യസുരക്ഷാ വിഭാഗവും മുനിസിപ്പൽ ആരോഗ്യവിഭാഗവും സംയുക്തമായി കരുനാഗപ്പള്ളി ടൗണിലെ ഹോട്ടലുകളിലും തട്ടുകടകളിലും പരിശോധന നടത്തി. പഴകിയ ആഹാരസാധനങ്ങൾ സൂക്ഷിക്കുകയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുകയുംചെയ്ത ഒരു ഹോട്ടലും മൂന്നു തട്ടുകടകളും പരിശോധനയെ തുടർന്ന്‌ അടച്ചുപൂട്ടി. ടൗണിലെ ഹോട്ടലിൽ പഴകിയ ഭക്ഷണം വിളമ്പിയതായി കുടുംബത്തിന്റെ പരാതിയിലായിരുന്നു പരിശോധന.  കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ചിമ്മിനി ഹോട്ടലാണ് അടച്ചുപൂട്ടിയത്. രണ്ടാഴ്ചമുമ്പ് നടത്തിയ പരിശോധനയിലും ഈ സ്ഥാപനം അടച്ചുപൂട്ടിയിരുന്നു. 10 ദിവസം അടച്ചിട്ടതിനു ശേഷം ന്യൂനതകൾ പരിഹരിച്ച് വീണ്ടും തുറന്ന്‌ പ്രവർത്തനം തുടങ്ങിയപ്പോഴാണ് പരാതി ഉയർന്നത്. കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്കിന്‌ സമീപവും പൊലീസ് സ്റ്റേഷന്‌ സമീപത്തുമായി പ്രവർത്തിച്ചിരുന്ന മൂന്ന് തട്ടുകടകളും അടച്ചുപൂട്ടി. തട്ടുകടകളുടെ ഷെഡ്ഡുകളും പൊളിച്ചുമാറ്റി. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങളിൽ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു. ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ അനീഷ, മാനസ, മുനിസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, ജെഎച്ച്ഐമാരായ റെനീഷ, നവീ ന, അജീഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News