ആനവണ്ടിയിലേറാം, വേനലവധി ആഘോഷമാക്കാം



കൊല്ലം വേനലവധി കിടിലമാക്കാൻ ഉല്ലാസയാത്രകളുമായി കെഎസ്ആർടിസി കൊല്ലം ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ, മെയ് മാസങ്ങളിൽ കേരളത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കാണ്‌ കെഎസ്ആർടിസി പുതിയ ട്രിപ്പുകൾ ഒരുക്കിയിട്ടുള്ളത്. മിതമായ നിരക്കിൽ സുരക്ഷിത യാത്ര ഉറപ്പുള്ളതിനാൽ ബുക്കിങ്ങിന്‌ തിരക്കേറി. ഇതോടെ പുത്തൻ ബസുകളുമായി യാത്രയ്‌ക്ക്‌ തയ്യാറായിക്കഴിഞ്ഞു കൊല്ലം ഡിപ്പോ.  ഏപ്രിൽ ഒന്നിനു രാവിലെ അഞ്ചിനു പുറപ്പെട്ട്‌ വാഗമൺ, ഇടുക്കി ഡാം വഴി മൂന്നാറിൽ തങ്ങി രണ്ടിന്‌ മൂന്നാർ സഞ്ചരിച്ച്‌ രാത്രി രണ്ടരയോടെ കൊല്ലത്ത് തിരികെ എത്തുന്ന ട്രിപ്പിന് യാത്രച്ചെലവ് ഉൾപ്പെടെ 1450 രൂപയാണ്. രണ്ടിനു രാവിലെ ആറിന്‌ പുറപ്പെട്ട്‌ കല്ലാർ, മീൻമുട്ടി വഴി പൊന്മുടി ട്രിപ്പിന് എൻട്രി ഫീസുകൾ ഉൾപ്പെടെ ഒരാൾക്ക് 770 രൂപയാണ്.  മൂന്നിനു രാവിലെ അഞ്ചിന്‌ കാട് തൊട്ടറിഞ്ഞ് 70 കിലോമീറ്ററിലധികം ഗവി കാനനയാത്ര,  മൂഴിയാർ, കക്കി, ആനത്തോട്, കൊച്ച് പമ്പ, ഗവി ഡാമുകളും പാഞ്ചാലിമേടും സന്ദർശിച്ച് തിരികെ വരുന്നതും ഉച്ചഭക്ഷണം, ബോട്ടിങ്‌, എൻട്രി ഫീസ് എന്നിവ ഉൾപ്പെടെ ഒരാൾക്ക് 1650 രൂപയാണ്. ആറിനു രാത്രി ഏഴിനു പുറപ്പെട്ട്‌ എൻ ഊര്, പൂക്കോട്ട് തടാകം, ഹണി മ്യൂസിയം, കാരപ്പുഴ ഡാം, മാവിലാതോട്, പഴശ്ശി സ്മാരകം, കുറുവ ദ്വീപ്, ബാണാസുരസാഗർ ഡാം, ജൈനക്ഷേത്രം, എടയ്ക്കൽ ഗുഹ, അമ്പലവയൽ, ഹെറിറ്റേജ് മ്യൂസിയം, സൂചിപ്പാറ വെള്ളച്ചാട്ടം  മൂന്നു പകലും രണ്ടു രാത്രിയും വയനാടിന്റെ മനോഹാരിത ആസ്വദിക്കുന്നതിനും ജങ്കിൾ സഫാരി, എൻട്രി ഫീസ് എന്നിവ ഉൾപ്പെടെ 4100 രൂപ.  ഏഴിന് എസി ലോഫ്ലോർ ബസിൽ കൊച്ചിയിലെത്തി അഞ്ചുമണിക്കൂർ കപ്പൽ യാത്ര. കപ്പലിനുള്ളിൽ ഭക്ഷണം, ഡിജെ, ലൈവ് പ്രോഗ്രാമുകൾ ഉൾപ്പെടെ ഒരാൾക്ക് 3500 രൂപ. ഏഴിന് വാഗമൺ മൂന്നാർ ട്രിപ്പ്, തിരുവനന്തപുരം നഗരക്കാഴ്ചയ്ക്കൊപ്പം മാജിക്കിന്റെ മ്യൂസിയമായ മാജിക് പ്ലാനറ്റിൽ ഭിന്നശേഷി കുട്ടികളുടെ കലാവിരുന്നുകളിലും പങ്കെടുക്കുന്ന എസി ലോഫ്ലോർ ബസിൽ ഒരാൾക്ക് 800 രൂപയാണ്‌ നിരക്ക്‌. എട്ടിനും ഈ ട്രിപ്പ് ഉണ്ടാകും. എട്ടിന് ഗവി യാത്രയോടൊപ്പം കുമളിയിൽ താമസിച്ച്‌ അടുത്ത ദിവസം ജീപ്പ് ട്രക്കിങ്‌, മുന്തിരിത്തോപ്പ് കാഴ്ചകൾ. സ്റ്റേ, ഭക്ഷണം, ജീപ്പ് ട്രക്കിങ്‌, ക്യാമ്പ് ഫയർ, ബോട്ടിങ്‌ ഉൾപ്പെടെ 4100 രൂപയാണ് ഒരാൾക്ക് ഫീസ്‌. കൂടാതെ മാജിക് പ്ലാനറ്റ് ട്രിപ്പ്, റോസ് മല ട്രിപ്പ്, മാമലക്കണ്ടം മൂന്നാർ കാന്തല്ലൂർ ട്രിപ്പ്, മറൈൻഡ്രൈവ് സാഗരറാണി ട്രിപ് എന്നിവ ഏപ്രിൽ എട്ടിന് ഓപ്പറേറ്റ് ചെയ്യും.  ഫോൺ:  97479 69768,  94477 21659.   Read on deshabhimani.com

Related News