ഹലോ, മരിച്ചുപോയ അളിയനല്ലേ? ഇത്‌ പൊലീസാണ്‌ !



ചവറ ഓട്ടോയാത്രക്കാരന്റെ മരിച്ചുപോയ അളിയനെ ഫോൺ വിളിച്ച്‌  ‘ജീവിപ്പിച്ച്‌’പൊലീസ്‌. ശങ്കരമംഗലത്ത്‌ ബുധനാഴ്‌ച നടന്ന  വാഹന പരിശോധനയിലാണ്‌ യാത്രക്കാരന്റെ മരണ നാടകം അകാലചരമടഞ്ഞത്‌.  സംഭവമിങ്ങനെ–- ശങ്കരമംഗലത്ത്‌ പൊലീസ്‌ പരിശോധനയിൽ പെട്ടതാണ്‌ തിരുവനന്തപുരം ആനയറ സ്വദേശി  ഓട്ടോറിക്ഷാ ഡ്രൈവർ ശ്രീപാലും യാത്രക്കാരനും. പരിശോധനയാണെന്ന്‌ മനസ്സിലാക്കിയ ഡ്രൈവർ യാത്രക്കാരനോട്‌ അളിയൻ മരിച്ചുപോയെന്നും മരണവീട്ടിലേക്ക്‌ പോകുകയാണെന്ന്‌ പറയണമെന്നും യാത്രക്കാരനെ ചട്ടംകെട്ടി.  തുടർന്ന്‌ പൊലീസിനോട്‌ വിവരം പറഞ്ഞു. സംസാരത്തിൽ പന്തികേടുതോന്നിയ പൊലീസ്‌ യാത്രക്കാരന്റെ അളിയന്റെ നമ്പർ നൽകാൻ ആവശ്യപ്പെട്ടു. നമ്പർ ഡയൽ ചെയ്‌തതോടെ  അപ്പുറത്തുനിന്ന്‌ മരിച്ചുപോയ അളിയന്റെ ഹലോ വിളി !.  തനാണോ മരിച്ചതെന്ന്‌ പൊലീസുകാർ ചോദിച്ചതോടെ ഫോൺ എടുത്തയാളും ഞെട്ടി.  തുടർന്ന്  പൊലീസ് സംഭവം വിവരിച്ചു. എന്നാൽ, സമീപകാലത്തൊന്നും വീട്ടിൽ മരണം നടന്നിട്ടില്ലന്ന്‌  ഇയാൾ പറഞ്ഞു. ലോക്ക്‌ ഡൗൺ ലംഘിച്ച്‌ വാഹനമിറക്കിയതിനും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ കൂട്ടുനിന്നതിനും   ശ്രീപാലിനെതിരെ  കേസെടുത്തു. യാത്രക്കാരന്‌ കണ്ണുരുട്ടിയൊരു  താക്കീതും നൽകിയാണ്‌ വിട്ടയച്ചത്‌.   Read on deshabhimani.com

Related News