ഓണാട്ടുകരയ്ക്കിത് 
"ചീര’ക്കാലം



കരുനാഗപ്പള്ളി തഴവ, കുലശേഖരപുരം, തൊടിയൂർ പ്രദേശങ്ങളിലൂടെ പോകുമ്പോൾ വീട്ടുമുറ്റങ്ങളിൽ കടുംചുവപ്പുനിറത്തിൽ ചീര വിളഞ്ഞുനിൽക്കുന്നതുകാണാം. വീട്ടുമുറ്റങ്ങൾ മാത്രമല്ല, വയലിറമ്പുകളും പറമ്പുകളുമെല്ലാം ഏക്കറുകളോളം ചീരത്തോട്ടങ്ങളാണ്‌. ഓണാട്ടുകരയ്ക്കിത് ചീരക്കാലമാണ്‌. കോവിഡിന്റെ  പ്രതിസന്ധിക്കിടയിലും ചീരക്കൃഷിയിലൂടെ അതിജീവനത്തിന്റെ പാത തുറക്കുകയാണ് ഇവിടുത്തെ കർഷകർ. ഓണാട്ടുകരയിലെ ചീരയെ പട്ടു ചീരയെന്നാണു വിളിക്കുന്നത്‌. നല്ല കട്ടിയും വീതിയുമുള്ള ഇലയും കടും ചുവപ്പുനിറവുംവിറ്റാമിൻ അളവ് കൂടുതലാണെന്നതും ഇവയുടെ പ്രത്യേകതയാണ്. കർഷകർക്ക് ചീരക്കൃഷി നേരമ്പോക്കല്ല.  വിഷലിപ്തമായ പച്ചക്കറിമാത്രം കഴിക്കുന്ന മലയാളിക്ക്‌ സംശുദ്ധമായ ചീരക്കൃഷിയൊരുക്കുന്നതിൽ ഓണാട്ടുകരയിലെ കർഷകർ എന്നും മുന്നിലായിരുന്നു.  ജൂൺ, ജൂലൈ ഒഴികെ ഏതാണ്ട് എല്ലാ മാസവും കൃഷിചെയ്യാമെന്നതും അധ്വാനവും ശ്രദ്ധയും കുറച്ചു മതിയെന്നതുമാണ്  കൃഷിക്കാരെ ആകർഷിക്കുന്നത്‌. കീടശല്യവും കുറവാണ്‌. അരുൺ, കണ്ണാറ ലോക്കൽ എന്നീ ഇനങ്ങളിൽപ്പെട്ടവ അരി പാകി 20 ദിവസത്തിനകം തൈ പറിച്ചുനടാം. രണ്ടുനേരം വെള്ളം തളിക്കലാണ് പരിചരണത്തിൽ പ്രധാനം. ചാണകപ്പൊടിയും എല്ലുപൊടിയും പിണ്ണാക്കും ചാരവുമൊക്കെ വളമായി നൽകാം. 25 ദിവസം കഴിയുമ്പോൾ വിളവെടുക്കാം. ഡിമാന്റ്‌ അനുസരിച്ച് നേരിട്ടും മാർക്കറ്റുകളിലും വിൽക്കുന്നവരുണ്ട്‌. അഞ്ചു മുതൽ 10 മൂടുവരെ ചീര 30 മുതൽ 50 രൂപയ്ക്കാണ് വിൽപ്പന. കാർഷിക സർവകലാശാല വികസിപ്പിച്ച ഇനങ്ങളാണ് കണ്ണാറ ലോക്കല്‍, അരുൺ, മോഹിനി, കൃഷ്ണശ്രീ, രേണുശ്രീ എന്നിവ. ഇതില്‍ കണ്ണാറ ലോക്കല്‍, അരുൺ എന്നിവ ചുവന്നയിനമാണ്. ഇവയോടാണ്‌ ആളുകൾക്ക്‌ പ്രിയം.  സിഒ –-1 ഇനത്തിൽപ്പെട്ട പച്ച നിറത്തിലെ ചീരയ്ക്ക് പോഷകമൂല്യം കൂടുതലാണെന്ന്‌ കർഷകർ പറയുന്നു. അന്നജവും പ്രോട്ടീനും ധാരാളമുള്ള ചീരയെ ഇലപ്പുള്ളി രോഗമാണ് സാധാരണയായി ബാധിക്കാറുള്ളത്. പ്രതിരോധശേഷി കൂടുതലുള്ള പച്ചച്ചീരയുമായി ഇടകലർത്തി നടലാണ് പരിഹാരം. വർഷത്തിൽ ഒരു ലക്ഷം മുതൽ മൂന്നു ലക്ഷം വരെ രൂപ വിറ്റുവരവുള്ള കർഷകരുണ്ട്. Read on deshabhimani.com

Related News