ചോരക്കുഞ്ഞിനെ 
ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി

കരുനാഗപ്പള്ളി തറയിൽമുക്കിനു സമീപം വീടിനോട് ചേർന്ന് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞിനെ 
ശിശുസംരക്ഷണ സമിതി ഭാരവാഹികൾ ഏറ്റുവാങ്ങുന്നു


കരുനാഗപ്പള്ളി ചോരക്കുഞ്ഞിനെ വീടിനു സമീപം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. തറയിൽമുക്കിനു സമീപത്തെ വീടിനോടുചേർന്ന്‌ വെള്ളി രാവിലെ 6.30നാണ്‌ ഒരുദിവസം മാത്രമായ പെൺകുഞ്ഞിനെ തുണിയിൽപൊതിഞ്ഞ നിലയിൽ കണ്ടത്‌. വീട്ടിൽ വാടകയ്‌ക്ക്‌ താമസിക്കുന്നവർ കരച്ചിൽകേട്ട്‌ വന്നപ്പോഴാണ്‌ ശുചിമുറിക്കു സമീപം പുല്ലുകൾ വളർന്നുനിൽക്കുന്ന സ്ഥലത്ത്‌ കുഞ്ഞിനെ കണ്ടത്‌. ഉടനെ കരുനാഗപ്പള്ളി പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന്‌, പൊലീസെത്തി കുഞ്ഞിനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിശുരോഗവിദഗ്ധർ പരിശോധിച്ചശേഷം കുഞ്ഞിന്‌ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്ന്‌ അറിയിച്ചു. 2.900 കിലോ ഭാരവും ഉണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനിൽകുമാർ വെള്ളിമൺ, അംഗം സിസ്റ്റർ സോണി, ശിശുസംരക്ഷണ സമിതി ഫൗണ്ടലിങ് ഹോം (തണൽ)ഭാരവാഹി ബാലൻ എന്നിവർ ചേർന്ന് കുട്ടിയെ ഏറ്റുവാങ്ങി. ആശുപത്രി അസിസ്റ്റന്റ്‌ ആർഎംഒ ക്ലെനിൻ, മുനിസിപ്പൽ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പി മീന, കൗൺസിലർ രമ്യ എന്നിവരാണ് കുഞ്ഞിനെ കൈമാറിയത്.  കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം തുടങ്ങി. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യം ഉൾപ്പെടെ പരിശോധിച്ച്‌ വരികയാണ്. Read on deshabhimani.com

Related News