നാടക വളര്‍ച്ചയില്‍ ഗ്രന്ഥശാലകൾക്ക്‌ നിസ്‌തുല പങ്ക്‌: അടൂര്‍

സംസ്ഥാന ലൈബ്രറി കൗൺസിൽ നാടകോത്സവം സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യുന്നു


കൊല്ലം കേരളത്തിലെ നാടകപ്രസ്ഥാനത്തിന്റെ വളർച്ചയിൽ ഗ്രന്ഥശാലാസംഘത്തിനു നിർണായകപങ്കുണ്ടെന്ന്‌ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന നാടകമത്സരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമീണ ഗ്രന്ഥശാലകളിൽ ഒരു കാലഘട്ടത്തിൽ സജീവമായിരുന്നു അമച്വർ നാടക സംഘങ്ങൾ. ഗ്രന്ഥശാലയുടെ പരിസരങ്ങളിൽ രൂപപ്പെട്ടുവന്ന നാടക സംസ്‌കാരമാണ് കേരളത്തിൽ മഹത്തായ നാടകപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് കാരണമായത് –- അദ്ദേഹം പറഞ്ഞു.   എം മുകേഷ് എംഎല്‍എ അധ്യക്ഷനായി. മുതിര്‍ന്ന നാടകപ്രതിഭകളെ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി കെ മധു ആദരിച്ചു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പി കെ ഗോപന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ് നാസര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ്‌ കെ ബി മുരളികൃഷ്ണന്‍,  സെക്രട്ടറി ഡി സുകേശന്‍,  ചവറ കെ എസ്‌ പിള്ള, എം സലിം, എ പ്രദീപ് എന്നിവര്‍ സംസാരിച്ചു. കേരള കലാമണ്ഡലം ‘എന്റെ  കേരളം’ നൃത്തശില്‍പ്പം അവതരിപ്പിച്ചു. തുടര്‍ന്ന് പാലക്കാട്, ആലപ്പുഴ ജില്ലകളിൽനിന്നുള്ള നാടകങ്ങള്‍ അരങ്ങേറി. ബുധനാഴ്‌ച പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിൽനിന്നുള്ള നാടകങ്ങള്‍ അവതരിപ്പിക്കും. Read on deshabhimani.com

Related News