മഴയിലും മനം കവർന്ന് മലക്കുട

പോരുവഴി പെരുവിരുത്തി മലനട മഹോത്സവത്തിന്റെ ഭാ​ഗമായി നടന്ന കെട്ടുകാഴ്ച


ശൂരനാട് രാവിലെ മുതൽ പോരുവഴി മലനടയിലേക്ക് ജനങ്ങളുടെ ഒഴുക്കായിരുന്നു. സന്ധ്യയോടെ മലനടയും പരിസരവും ജനനിബിഡമായി. പടുകൂറ്റൻ എടുപ്പുകുതിരകളെ തോളിലേറ്റി മലനടക്കുന്ന് കയറുന്ന കാഴ്‌ച ദൃശ്യവിസ്മയം തീർത്തു. ഇടയ്ക്കു പെയ്‌ത മഴയ്‌ക്കും ആവേശം തണുപ്പിക്കാനായില്ല. പള്ളിമുറി, നടുവിലേമുറി, വടക്കേമുറി, പനപ്പെട്ടി, അമ്പലത്തുംഭാഗം കരകളുടെ കൂറ്റൻ എടുപ്പുകുതിരകളെയും ഇടയ്ക്കാട് കരയുടെ എടുപ്പുകാളയെയും അണിയിച്ചൊരുക്കി നേരത്തെ തന്നെ ക്ഷേത്ര പരിസരത്ത്‌ എത്തിച്ചിരുന്നു.  അഞ്ചോടെ ക്ഷേത്ര ഊരാളി കറുപ്പ് കച്ചയുടുത്ത്  മലക്കുടയേന്തി ഉറഞ്ഞുതുള്ളി കെട്ടുകാഴ്‌ചകളുടെ അടുത്തെത്തിയതോടെ എഴുന്നള്ളത്ത്‌ തുടങ്ങി. തുടർന്ന് വെൺകുളം ഏലായിൽനിന്നു പടുകൂറ്റൻ കെട്ടുകാഴ്‌ചകൾ തോളിലേറ്റി കുത്തനെയുള്ള മലകയറ്റം തുടങ്ങി. കെട്ടുകാഴ്ചകൾ മലനടക്കുന്ന് കയറി വലംവച്ച്‌ ക്ഷേത്രനടയിലെ മൈതാനിയിൽ എത്തിച്ചു. കമ്പലടിക്കരയുടെ എടുപ്പുകുതിര ചട്ടം ഒടിഞ്ഞതിനെ തുടർന്ന് വയലിലേക്ക് വീണെങ്കിലും ആർക്കും കാര്യമായ പരിക്കു പറ്റിയില്ല.  ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനടയിൽ മീനത്തിലെ ആദ്യ വെള്ളിയാഴ്‌ച കൊടിയേറി രണ്ടാം വെള്ളിയാഴ്‌ചയാണ് ഉത്സവം. കൊടിയിറങ്ങുന്നതും വെള്ളിയാഴ്‌ചയാണ്. രാത്രി 9.30 മുതൽ ചലച്ചിത്ര പിന്നണി ഗായകൻ മധു ബാലകൃഷ്ണന്റെ നേതൃത്വത്തിൽ മെഗാ ഇവന്റ് മാമാങ്കം നടന്നു. Read on deshabhimani.com

Related News