അമിതവേഗത്തിലെത്തിയ സ്വകാര്യബസ്‌ 
വാനിൽ ഇടിച്ച്‌ ഒരാൾ മരിച്ചു

ദേശീയപാത ശക്തികുളങ്ങരയിൽ അമിതവേഗത്തിലെത്തിയ സ്വകാര്യബസ്‌ ഇടിച്ച് തകർന്ന പാഴ്സൽ വാൻ


കൊല്ലം ദേശീയപാത ശക്തികുളങ്ങരയിൽ അമിതവേഗത്തിലെത്തിയ സ്വകാര്യബസ്‌ പാഴ്സൽ വാനിൽ ഇടിച്ച് ഒരാൾ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. വാൻ ഓടിച്ച ആലുവ മുപ്പത്തടം വെട്ടുകാട്‌ വീട്ടിൽ വി കെ പുഷ്പൻ (58)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ക്ലീനർ പത്തനാപുരം ആവണീശ്വരം സ്വദേശി അജികുമാറി (49)നെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർക്ക് ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.  ശക്തികുളങ്ങര മരിയാലയം ജങ്‌ഷനിലെ പെട്രോൾ പമ്പിനു മുന്നിൽ തിങ്കൾ രാവിലെ 9.15നായിരുന്നു അപകടം. ചവറയിൽനിന്ന് ഇളമ്പള്ളൂരിലേക്ക് അമിത വേഗത്തിൽ വന്ന സ്വകാര്യബസ് എതിരെ വന്ന വാനിലേക്ക്‌ ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാർ വാൻ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ വി കെ പുഷ്പനെ  ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട വാൻ പിറകിലേക്ക് വന്ന് ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ ഓലയിൽ സ്വദേശി മണികണ്ഠൻ (42)----, ബസ് ജീവനക്കാരനായ അഖിൽ, യാത്രക്കാരായ ചവറ സ്വദേശികളായ ദേവിക (27), അനുപമ (21), മീനു (17), ക്രിസ്ത്യൻബർണാഡ് (19), താഹ (58), ഉണ്ണി (20), കാർത്തിക് (19), രേഷ്മരാജു (19), രമ്യ (33), അമ്പിളിഅമ്മ (60), നയന (18), മൈനാഗപ്പള്ളി സ്വദേശികളായ ആദിത്യ (18), നീണ്ടകര സ്വദേശികളായ സന്ധ്യ (35), ആഷ്‌ന (15), അലീന (17), ഇടപ്പള്ളികോട്ട സ്വദേശി വിപിൻ വിനോദ് (20), ചിന്നക്കട സ്വദേശിനി ലിസി (40) എന്നിവർക്കാണ് പരിക്കേറ്റത്.  മരിച്ച വി കെ പുഷ്‌പൻ ഫാക്ട് പിഡി ഫയർവിഭാഗം മുൻ സീനിയർ ഫയർ ഇൻസ്പെക്ടറാണ്‌.പരേതരായ കാവലന്റെയും തങ്കമ്മയുടെയും മകനാണ്‌. ഭാര്യ: മണി. മക്കൾ: ഷേനിഷ, ലാക്പിഷ. മരുമക്കൾ: സിബിൻ, സുജിത്.  സംസ്കാരം ചൊവ്വാഴ്‌ച.  ബസിന്റെ പെർമിറ്റ് 
റദ്ദാക്കും  അപകടത്തിനിടയാക്കിയ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കുമെന്നും  ഡ്രൈവറുടെ ലൈസൻസ്‌ സസ്‌പെൻഡ് ചെയ്യുമെന്നും ആർടിഒ ഡി മഹേഷ് അറിയിച്ചു.  ബസിന്റെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ്‌ അപകടത്തിനു കാരണമായതെന്നാണ്‌ പ്രാഥമിക കണ്ടെത്തൽ. വാഹന പരിശോധന ശക്തമാക്കുമെന്നും ആർടിഒ അറിയിച്ചു.  Read on deshabhimani.com

Related News