കുരീപ്പുഴ ചണ്ടി ഡിപ്പോയിൽനിന്ന്‌ മാലിന്യം നീക്കിത്തുടങ്ങി

കൊല്ലം കോർപ്പറേഷന്റെ ബയോമൈനിംഗ്‌ പദ്ധതിയുടെ ഭാഗമായി ശേഖരിച്ചവ സിമന്റ്‌ ഫാക്ടറികളിലേക്ക്‌ കൊണ്ടുപോകുന്ന ആദ്യ വാഹനം മേയർ പ്രസന്ന ഏണസ്‌റ്റ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യുന്നു. എംഎൽഎമാരായ ഡോ. സുജിത്‌ വിജയൻപിള്ള, 
എം മുകേഷ്‌ തുടങ്ങിയവർ സമീപം


കൊല്ലം  കോർപറേഷന്റെ കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ ദശാബ്ദങ്ങളായി കുന്നുകൂടിയ മാലിന്യം നീക്കുന്നതിനുള്ള ബയോമൈനിങ് പദ്ധതിക്ക് തുടക്കമായി. മാലിന്യത്തിൽനിന്ന് വേർതിരിച്ചെടുക്കുന്ന റെഫ്യൂസ് ഡിറൈവ്ഡ് ഫ്യൂവൽ (ആർഡിഎഫ്) തമിഴ്നാട്ടിലെ സിമന്റ്  കമ്പനികളിലേക്ക് അയക്കുന്നതിന്റെ ഫ്ലാ​ഗ് ഓഫ് മേയർ പ്രസന്നാ ഏണസ്റ്റ് നിർവഹിച്ചു. എംഎൽഎമാരായ എം മുകേഷ്, ഡോ. സുജിത് വിജയൻപിള്ള എന്നിവർ വിശിഷ്ടാതിഥികളായി. സംസ്ഥാനത്തെ ആദ്യ സമ്പൂർണ സംയോജിത ബയോമൈനിങ്‌ പദ്ധതിയും രാജ്യത്തെ റംസാർ സൈറ്റിൽ നടപ്പാക്കുന്ന ആദ്യ പദ്ധതിയുമാണിത്. മാലിന്യത്തിൽനിന്ന് പ്ലാസ്റ്റിക്കും മറ്റും കത്താൻ സാധ്യതയുള്ള വസ്തുക്കളും ഉൾക്കൊള്ളുന്ന ആർഡിഎഫ്, മണ്ണ്, കല്ല്, ലോഹവസ്തുക്കൾ, ചില്ല്, ടയർ, തടി തുടങ്ങിയവ വേർതിരിക്കും. പ്ലാസ്റ്റിക്കും മറ്റും കത്തുന്ന മാലിന്യങ്ങളും സിമന്റ് ഫാക്ടറികളിലെ ചൂളകളിൽ ഉപയോഗിക്കുന്നതിനാൽ സ്വാഭാവിക ഇന്ധനമായ കൽക്കരിക്കും വിറകിനും പകരമായി പ്രയോജനപ്പെടുത്തും. ദേശീയ ഹരിത ട്രിബ്യൂണലിന്റെ നിർദേശങ്ങൾക്ക് വിധേയമായാണ് ബയോമൈനിങ്‌.  1,04,906.88 മീറ്റർ ക്യൂബ് മാലിന്യമാണ് ശേഖരിക്കുന്നത്. ഒരു മീറ്റർ ക്യൂബിന് 1130 രൂപ എന്ന കണക്കിൽ സിഗ്മ ഗ്ലോബൽ എൻവിറോൺ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് ടെൻഡർ എടുത്തത്. 15 സംസ്ഥാനങ്ങളിൽ വന്‍ ബയോമൈനിങ്‌ പദ്ധതികള്‍ നടപ്പാക്കി അനുഭവപരിചയമുള്ള കമ്പനിയാണ് സിഗ്മ ഗ്ലോബൽ. ജൂലൈയിൽ പദ്ധതി പൂർത്തിയാക്കും. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് കൊല്ലം കോർപറേഷൻ ലെഗസി മാലിന്യം നീക്കുന്നതിനായി മത്സരാധിഷ്ഠിത ടെൻഡർ വിളിച്ചത്. കോഴിക്കോട് എൻഐടിയുടെ നേതൃത്വത്തിലാണ് മാലിന്യത്തിന്റെ വ്യാപ്തം അളന്നത്. മഴക്കാലം ഒഴിവാക്കിയും മൂന്നുമാസത്തെ മൊബിലൈസേഷന്‍ കാലാവധി ഉള്‍പ്പെടുത്തിയും ജൂലൈയിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കൊല്ലം മധു അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ എസ് ജയൻ, എസ് ഗീതാകുമാരി, ജി ഉദയകുമാർ, എ കെ സവാദ്, യു പവിത്ര, ഹണി ബെഞ്ചമിൻ, സബിതാദേവി, കൗൺസിലർമാർ, അഡീഷണൽ സെക്രട്ടറി എ എസ്ശ്രീകാന്ത്, സിഗ്മ ഗ്ലോബൽ എംഡി നാഗേഷ് പ്രഭു, സുപ്രണ്ടിങ് എന്‍ജിയർ എം എസ് ലത, പിസിബി എന്‍ജിനിയർ പി സിമി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ്, ഹെൽത്ത്‌ സൂപ്പർവൈസർ, രാംകുമാർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News