സിപിഐ എമ്മിന്റെ സ്‌നേഹത്തണലിൽ ലക്ഷ്മിമാർ; മാതാപിതാക്കളെ നഷ്ടമായ സഹോദരിമാര്‍ക്ക് വീടായി

സഹോദരിമാരായ ശ്രീലക്ഷ്‌മി, രാജലക്ഷ്‌മി എന്നിവർക്ക്‌ സിപിഐ എം സിവിൽസ്‌റ്റേഷൻ ലോക്കൽകമ്മിറ്റി നിർമിച്ചുനൽകിയ വീടിന്റെ താക്കോൽ 
ധനമന്ത്രി കെ എൻ ബാലഗോപാൽ കൈമാറുന്നു


കൊല്ലം > അച്ഛനമ്മമാര്‍ മരണപ്പെട്ട സഹോദരികളുടെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്‌നം സാക്ഷാൽക്കരിച്ച്‌ സിപിഐ എം. തേവള്ളി പാലസ് നഗർ വിളയിൽ വീട്ടിൽ രാജലക്ഷ്മിയും ശ്രീലക്ഷ്മിയും വാസയോഗ്യമല്ലാത്ത വീട്ടിൽ അമ്മൂമ്മയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. മഴക്കെടുതിയിൽ വീടിന്റെ വശങ്ങൾ പൂർണമായും തകർന്നു. ഇതിനിടെ അമ്മൂമ്മ മരിച്ചു. ഇതോടെയാണ്‌ സഹായഹസ്‌തവുമായി സിപിഐ എം പ്രവർത്തകർ രംഗത്തെത്തിയത്‌.   ഒരു ലോക്കലിൽ ഒരു വീട്’ പദ്ധതിയുടെ ഭാഗമായാണ്‌ ഇവർക്ക്‌ സിവിൽസ്റ്റേഷൻ ലോക്കൽ കമ്മിറ്റി വീടൊരുക്കാൻ തീരുമാനിച്ചത്‌. ഇവരുടെ പേരിലുള്ള മൂന്നു സെന്റിലാണ്‌ എട്ടരലക്ഷം രൂപ ചെലവിൽ 500 ചതുരശ്രഅടിയിൽ വീട്‌ നിർമിച്ചത്. പൂർണമായും ടൈൽ പാകിയ വീട്ടിൽ രണ്ടു കിടപ്പുമുറി, ഹാൾ, അടുക്കള, ശുചിമുറി, സിറ്റ്ഔട്ട്‌ സൗകര്യങ്ങളുണ്ട്.    തേവള്ളി റേഷൻകട ജങ്ഷനു സമീപമുള്ള വീടിന്റെ താക്കോൽ ധനമന്ത്രി കെ എൻ ബാലഗോപാൽ  കൈമാറി. ഭവനനിർമാണ കമ്മിറ്റി ചെയർമാൻ എസ് രാജ്‌മോഹൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എ എം ഇക്ബാൽ, ഏരിയ കമ്മിറ്റി അംഗങ്ങളായ ഇ ഷാനവാസ്ഖാൻ, എം വിശ്വനാഥൻ, ആർ വിജയൻ, സബിതാ ബീഗം, പാരിപ്പള്ളി രവീന്ദ്രൻ, ഡി രാജ്‌കുമാർ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എസ് അജയകുമാർ സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം ടി പി രാധാകൃഷ്ണകുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News