ജനകീയമായി മുനിസിപ്പാലിറ്റിയുടെ അദാലത്ത്

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ആലുംകടവ് ബോധോദയം ഗ്രന്ഥശാലയിൽ നടന്ന അദാലത്ത്


കരുനാഗപ്പള്ളി  മുനിസിപ്പാലിറ്റിയുടെ ഫയൽ തീർപ്പാക്കൽ അദാലത്തിന് മികച്ച പ്രതികരണം. വാർഡുകളിൽ ആരംഭിച്ച അദാലത്തിൽ ആദ്യദിവസം തന്നെ 127 പരാതിയാണ് ലഭിച്ചത്. ഇതിൽ 35 എണ്ണം തീർപ്പാക്കി. ശനിയാഴ്ച രാവിലെ രാവിലെ 10ന്‌ മുനിസിപ്പൽ ഒന്നാംഡിവിഷനിലെ ആലുംകടവ് ബോധോദയം ഗ്രന്ഥശാലയിൽനിന്നാണ് ചെയർമാൻ കോട്ടയിൽ രാജു അദാലത്ത് ആരംഭിച്ചത്. തുടർന്ന് മരുതൂർകുളങ്ങര ഗവ. എൽപിഎസ്, ആലപ്പാട് ഗവ. എൽപിഎസ്, എൻഎസ്എസ് കരയോഗ മന്ദിരം, 32–-ാം നമ്പർ അങ്കണവാടി എന്നിവിടങ്ങളിലും ചെയർമാൻ നേരിട്ടെത്തി പരാതികൾ സ്വീകരിച്ചു. ചെയർമാനെ കൂടാതെ വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്ഥിരംസമിതി അധ്യക്ഷ എം ശോഭന, സെക്രട്ടറി ഫൈസൽ, കൗൺസിലർമാരായ സീമാ സഹജൻ, എം അൻസാർ, പുഷ്പാംഗദൻ, സതീഷ് തേവനത്ത്, ശ്രീഹരി, ശിബു എന്നിവരും വിവിധകേന്ദ്രങ്ങളിൽ പങ്കെടുത്തു.  ഞായറാഴ്ച പകൽ 1.30ന് നമ്പരുവികാലയിൽനിന്നു തുടങ്ങുന്ന അദാലത്ത് രണ്ടിന് താച്ചയിൽ ജങ്‌ഷൻ, മൂന്നിന് കല്ലിക്കാട്ട് ജങ്‌ഷൻ, നാലിന് മാമ്പുഴ ജങ്‌ഷൻ, വൈകിട്ട്‌ അഞ്ചിന്‌ പള്ളിമുക്ക് എന്നിവിടങ്ങളിൽ നടക്കും. ഒരു ദിവസം അഞ്ചു വാർഡിൽ വീതം ഏഴു ദിവസം കൊണ്ട് അദാലത്ത് പൂർത്തിയാക്കും. വാർഡ് തലത്തിൽ നടക്കുന്ന അദാലത്തുകൾ വഴി ലഭിക്കുന്ന പരാതികൾ നവംബർ അഞ്ചു മുതൽ മുനിസിപ്പാലിറ്റിയിൽ നടക്കുന്ന മെഗാ അദാലത്തിൽ തീർപ്പാക്കും. മുനിസിപ്പാലിറ്റിയിൽ വിവിധ കാരണങ്ങളാൽ തീർപ്പാക്കാൻ കഴിയാത്ത ഫയലുകൾ സംബന്ധിച്ച അപേക്ഷകൾ ചെയർമാന് നേരിട്ടു നൽകാം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.   Read on deshabhimani.com

Related News