പുനലൂരിൽ 
വ്യാപക അക്രമം

സമരാനുകൂലികൾ തടഞ്ഞ ചരക്കുലോറി പൊലീസ് ഇടപെട്ട് വിട്ടയക്കുന്നു


പുനലൂർ പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ മറവിൽ പുനലൂരിൽ എഡ്‌ഡിപിഐ–-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ അഴിഞ്ഞാട്ടം. എങ്ങും വ്യാപക അക്രമം. കല്ലേറിൽ കെഎസ്‌ആർടിസി ബസ്‌ഡ്രൈവറുടെ കണ്ണിൽ ചില്ലുതറച്ചു. നിരവധി കെഎസ്ആർടിസി ബസുകൾക്കും ചരക്കു ലോറികൾക്കുംഎതിരെ കല്ലേറുണ്ടായി. പത്തനംതിട്ടയിൽനിന്നും തിരുവനന്തപുരത്തേക്കു പോയ കെഎസ്‌ആർടിസി ബസിന്റെ ഡ്രൈവർക്കാണ്‌ കണ്ണിന്‌ പരിക്കേറ്റത്‌. കരവാളൂരിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ്‌ അക്രമം. സ്കൂട്ടറിലെത്തിയ  രണ്ടുപേർ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറിൽ ബസിന്റെ മുൻ ഗ്ലാസ് തകർന്നുവീണു. തകർന്ന ഗ്ലാസിന്റെ ചീള് ഡ്രൈവറുടെ കണ്ണിൽ പതിച്ചു. പുനലൂർ പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കിട്ടിയില്ല. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വരികയാണ്. ഡ്രൈവറെ പുനലൂർ താലൂക്കാശുപത്രിയിൽ എത്തിച്ച്‌ ചികിത്സ നൽകി വിട്ടയച്ചു. സർവീസ് മുടങ്ങിയതിനെ തുടർന്ന്‌  ബസിലെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു. തമിഴ്നാട് ഭാഗത്തേക്കു പോയ ചരക്കു ലോറിയുടെ ചില്ലും ബൈക്കിലത്തിയ രണ്ടുപേർ എറിഞ്ഞുടച്ചു. തെന്മല ഇടമൺ, വെള്ളിമല  ഭാഗത്തും ചരക്കു ലോറികളുടെ ഗ്ലാസുകൾ എറിഞ്ഞ് തകർത്തിട്ടുണ്ട്‌. പെട്രോൾ പമ്പുകളും, തുറന്നു പ്രവർത്തിച്ച കടകളും സമരാനുകൂലികൾ നിർബന്ധിച്ച്‌ അടപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി ഇവരെ പിരിച്ചുവിടുകയും കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. പുനലൂരിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുണ്ട്‌. പൊലീസ് അകമ്പടിയോടുകൂടി തുടർന്ന്‌ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തി. ഹർത്താൽ അനുകൂലികൾ പുനലൂരിൽ പ്രകടനം നടത്തി. Read on deshabhimani.com

Related News