ഒരാഴ്ചയ്ക്കിടെ 
6 കോവിഡ്‌ മരണം



കൊല്ലം ജില്ലയിൽ കോവിഡ്‌ വീണ്ടും കുതിക്കുന്നു. ഒരാഴ്‌ചയ്‌ക്കുള്ളിൽ ആറുപേർ കോവിഡ്‌ ബാധിച്ചു മരിച്ചു. കഴിഞ്ഞാഴ്‌ച പ്രതിദിനം 100 മുതൽ 150വരെ കേസാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. ഈ ആഴ്‌ച ഇത്‌ 300ലേക്ക്‌ കടന്നു. വ്യാഴാഴ്‌ച 328പേർ രോഗബാധിതരായി.  ഇവരിൽ 60പേരെ കാറ്റഗറി ബിയിലും(ഓക്‌സിജൻ ആവശ്യമുള്ളത്‌) 16പേരെ കാറ്റഗറി സിയിലുമാണ്‌ (വെന്റിലേറ്റർ ആവശ്യമുള്ളത്‌)  പ്രവേശിപ്പിച്ചത്‌. ടിപിആർ 18.13ശതമാനം. 1809പേരെയാണ്‌ പരിശോധിച്ചത്‌.  ടിപിആറിലും വർധനയുണ്ട്‌. കഴിഞ്ഞ മൂന്നുദിവസത്തെ ശരാശരി ടിപിആർ 15.67ശതമാനമാണ്‌. കഴിഞ്ഞാഴ്‌ച ഇത്‌ 13.42ആയിരുന്നു. കഴിഞ്ഞാഴ്‌ച മരിച്ച ആറുപേരും മറ്റ്‌ രോഗബാധിതർ കൂടിയായിരുന്നു. ഇവർ കരുതൽ ഡോസും എടുത്തിട്ടില്ലായിരുന്നു.    ബൂസ്റ്റർ ഡോസിനോട്‌ 
വിമുഖത അരുത്‌ കോവിഡ്‌ വാക്‌സിൻ ഒന്നും രണ്ടും ഡോസ്‌ എടുത്തവർ നിർബന്ധമായും കരുതൽ ഡോസ്‌ എടുക്കണമെന്ന്‌ ആരോഗ്യവകുപ്പ്‌. കരുതൽ ഡോസ്‌ എടുക്കാത്തവരിൽ രോഗബാധ കൂടുതലാണ്‌. ജില്ലയിൽ 20,93,511പേരാണ്‌ വാക്‌സിൻ എടുക്കേണ്ടത്‌. ഇതിൽ ഒന്നാം ഡോസ്‌ എടുത്തവർ 99ശതമാനവും രണ്ടാം ഡോസ്‌ എടുത്തവർ 86ശതമാനവുമാണ്‌. കരുതൽ ഡോസ്‌ എടുത്തവർ 35ശതമാനവും. 45ന്‌ മുകളിൽ പ്രായമുള്ളവരിൽ രണ്ടാം ഡോസ്‌ എടുത്തവർ 99 ശതമാനമാണ്‌. 18നും 44നും ഇടയിൽ പ്രായമുള്ളവരിൽ രണ്ടാം ഡോസ്‌ എടുത്തത്‌ 81 ശതമാനവും. 15നും 18നും ഇടയിലുള്ളവരിൽ 68ശതമാനവും രണ്ടാം ഡോസ്‌ എടുത്തു. രണ്ടാം ഡോസ്‌ എടുത്ത്‌ ഒമ്പതുമാസം തികഞ്ഞവർക്ക്‌  ബൂസ്‌റ്റർ ഡോസ്‌ എടുക്കാം. 60ന്‌ മുകളിൽ പ്രായമുള്ളവരും മറ്റ്‌ രോഗമുള്ളവരും എത്രയും വേഗം കരുതൽ ഡോസ്‌ എടുക്കണമെന്ന്‌ ഡെപ്യൂട്ടി ഡിഎംഒ ആർ സന്ധ്യ പറഞ്ഞു.  സ്വകാര്യ ആശുപത്രികൾ സഹകരിക്കണം കോവിഡ്‌ ബാധിതരെ ചികിത്സിക്കാൻ ജില്ലയിലെ ചില സ്വകാര്യ ആശുപത്രികൾ തയ്യാറാകുന്നില്ലെന്ന്‌ ആരോപണം.  പലയിടങ്ങളിലും രോഗികളെ തിരിച്ചയയ്‌ക്കുന്നതായാണ്‌ പരാതി. ഇത്തരം പ്രവണത അവസാനിപ്പിക്കണമെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News