ഉദ്ഘാടനത്തിനു പിന്നാലെ റോഡ്‌ തകർന്നു; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കരുനാഗപ്പള്ളി ഹൈസ്കൂൾ ജങ്‌ഷൻ -–- റെയിൽവേ സ്റ്റേഷൻ റോഡ് നിർമാണത്തിലെ അഴിമതിക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധം


കരുനാഗപ്പള്ളി എംഎൽഎ ഫണ്ട്‌ ഉപയോഗിച്ച്‌ നിർമിച്ച റോഡ് ഉദ്ഘാടനത്തിനു പിന്നാലെ തകർന്ന സംഭവത്തിൽ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. കരുനാഗപ്പള്ളി കോൺഗ്രസ് ഭവന്‌ മുന്നിൽനിന്നും ആരംഭിക്കുന്ന ഹൈസ്കൂൾ ജങ്‌ഷൻ –-- റെയിൽവേ സ്റ്റേഷൻ റോഡ് നിർമാണത്തിനായി സി ആർ മഹേഷ് എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്ന്‌ 84ലക്ഷം രൂപയാണ് അനുവദിച്ചത്. റോഡിന്റെ മുക്കാൽ ഭാഗത്തോളം കോൺക്രീറ്റും ബാക്കിയുള്ള ഭാഗം ടാറിങ്ങുമാണ് നടത്തിയത്. റോഡ് നിർമാണം പൂർത്തിയാക്കി എംഎൽഎയുടെ നേതൃത്വത്തിൽ കൊട്ടിഘോഷിച്ച് ഉദ്ഘാടനവും നടത്തി. തൊട്ടടുത്ത ദിവസം മുതൽ കോൺക്രീറ്റ് റോഡിന്റെ മേൽപ്പാളിയിലുള്ള സിമന്റും മണലും ഇളകി പ്രദേശത്ത്‌ പൊടിശല്യം രൂക്ഷമായി. തുടർന്ന്‌ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വരികയായിരുന്നു.  നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അധികൃതരെത്തി റോഡിന്റെ കോൺക്രീറ്റ് ചെയ്ത ഒരുഭാഗം വീണ്ടും ഒരു ലെയർ കൂടി കോൺക്രീറ്റ് ചെയ്യാൻ തീരുമാനിച്ചെങ്കിലും പ്രശ്ന പരിഹാരമായില്ല. റോഡ് നിർമാണത്തിലെ അഴിമതി ഉൾപ്പെടെ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തുവന്നത്. ഡിവൈഎഫ്ഐ കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദേശവാസികളിൽനിന്നും വ്യാപാരികളിൽനിന്നും ഇതു സംബന്ധിച്ച പരാതികൾ നേരിട്ട് സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ്‌ ടി ആർ ശ്രീനാഥ്, ബ്ലോക്ക് പ്രസിഡന്റ്‌ ബി കെ ഹാഷിം, സെക്രട്ടറി അബാദ് ഫാഷ, ട്രഷറർ ബി നിതീഷ്, ജോയിന്റ് സെക്രട്ടറി എം എസ് അരുൺ എന്നിവർ നേതൃത്വം നൽകി.  Read on deshabhimani.com

Related News