അടിത്തറ ഉലഞ്ഞ്‌ 
നിര്‍മാണ മേഖല



   കൊല്ലം ആവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ നിർമാണ മേഖല പ്രതിസന്ധിയിൽ. കിലോയ്ക്ക് 60 രൂപ വിലയുണ്ടായിരുന്ന കമ്പിക്ക്‌ 73 രൂപയായി. 53 രൂപ കമ്പിക്ക്‌ 66 രൂപയായി. മൊത്തവ്യാപാര വിലയിൽ സിമന്റ് ചാക്കിന് 50 രൂപ വര്‍ധിച്ച്‌ 375ൽനിന്ന്‌ 425 രൂപയിലെത്തി. ചില്ലറ വിൽപ്പനശാലകളിൽ വില 500 കടന്നു.  റൂഫിങ്‌ മേഖലയെയാണ് വിലക്കയറ്റം സാരമായി ബാധിച്ചത്. ജിപി പൈപ്പ്‌, ജിഐ പൈപ്പ്‌, റൂഫി​ങ്‌ ഷീറ്റ് തുടങ്ങിയവയ്ക്ക് 40 ശതമാനം വർധനയുണ്ടായതായി വ്യാപാരികള്‍ പറയുന്നു. റൂഫിങ്‌ മേഖലയിൽ വർക്‌ഷോപ്പുകാര്‍ കരാര്‍ നിർത്തി ദിവസക്കൂലിക്ക് ജോലിചെയ്യാൻ തുടങ്ങി. റൂഫ് ഷീറ്റിടുന്നതിൽനിന്ന്‌ വീട്ടുകാരും പിന്മാറുകയാണ്. മണൽകിട്ടാനില്ല. എംസാൻഡ്‌ ഉൾപ്പെടെ പാറ ഉൽപ്പന്നങ്ങൾക്ക് 60 ശതമാനം വില വർധിച്ചു.  കരാറുകാർക്ക്‌ തിരിച്ചടി  നിര്‍മാണ മേഖലയിൽ നേരത്തെ കരാറെടുത്തവര്‍ക്ക് ഇപ്പോഴത്തെ വിലക്കയറ്റം കനത്ത തിരിച്ചടിയായി. സാധനങ്ങൾക്കുണ്ടായ വിലവർധന പലരെയും താൽക്കാലികമായി വീടുപണി നിർത്താൻ പ്രേരിപ്പിക്കുകയാണ്. നിർമാണ സാ​മ​ഗ്രികള്‍ക്ക് കോർപറേറ്റുകൾ തോന്നിയ പോലെ വിലയീടാക്കുകയാണെന്നും ഇവരെ നിയന്ത്രിച്ച് വിലക്കയറ്റം തടയാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും നിർമാണത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി എം വൈ ആന്റണി ആവശ്യപ്പെട്ടു.  Read on deshabhimani.com

Related News