കരുനാഗപ്പള്ളിയിൽ മെഗാ ഫയൽ തീർപ്പാക്കൽ അദാലത്ത് തുടങ്ങി

കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ ഫയൽ തീർപ്പാക്കൽ അദാലത്ത് കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു


കരുനാഗപ്പള്ളി  നിയമങ്ങളും ചട്ടങ്ങളും ജനത്തിന്‌ ഉപകാരപ്രദമാകുന്ന രീതിയിൽ കാലാനുസൃതമായ മാറ്റം വരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ ‘മെഗാ ഫയൽ തീർപ്പാക്കൽ അദാലത്ത്’ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.  സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനായി. മുനിസിപ്പല്‍ ചെയർമാൻ കോട്ടയിൽ രാജു, സെക്രട്ടറി എ ഫൈസൽ, വൈസ് ചെയർപേഴ്സൺ എ സുനിമോൾ, സ്ഥിരംസമിതി അധ്യക്ഷരായ എം ശോഭന, ഡോ. പി മീന, ഇന്ദുലേഖ, എൽ ശ്രീലത, പടിപ്പുര ലത്തീഫ്, കൗൺസിലർമാരായ എം അൻസാർ, സതീഷ് വേനത്ത് എന്നിവർ സംസാരിച്ചു. ശനിയാഴ്ച മുതൽ വിവിധ വാർഡിൽ മുനിസിപ്പല്‍ ചെയർമാൻ നേരിട്ടെത്തി പരാതി സ്വീകരിക്കും. ദിവസം അഞ്ച് വാർഡിൽ വീതമാണ്‌ എത്തുക. ഏഴുദിവസമാണ്‌ അദാലത്ത്. വാർഡ് തലത്തിൽ നടക്കുന്ന അദാലത്തുകൾ വഴി ലഭിക്കുന്ന പരാതികൾ നവംബർ അഞ്ചു മുതൽ മുനിസിപ്പാലിറ്റിയിൽ നടക്കുന്ന മെഗാ അദാലത്തിൽ തീർപ്പാക്കും. മുനിസിപ്പാലിറ്റിയിൽ വിവിധ കാരണങ്ങളാൽ തീർപ്പാക്കാൻ കഴിയാത്ത ഫയലുകൾ സംബന്ധിച്ച്‌ പൊതുജനങ്ങൾ നേരിട്ട് അപേക്ഷ നൽകാം. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. Read on deshabhimani.com

Related News