നിലമേൽ റെയിൽവേ റിസർവേഷൻ കൗണ്ടർ പൂട്ടിക്കെട്ടി



  ചടയമംഗലം ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ചടയമം​ഗലം നിയോജക മണ്ഡലത്തിലെ നിലമേലിൽ സ്ഥാപിച്ച റെയിൽവേ ടിക്കറ്റ് റിസർവേഷൻ കൗണ്ടറിന്റെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങൾ. എംപിയുടെ നേതൃത്വത്തിൽ കൊട്ടിഘോഷിച്ച് ഉദ്​ഘാടനം നടത്തിയെങ്കിലും വിരലിലെണ്ണാവുന്ന ദിവസം മാത്രമാണ് കൗണ്ടർ പ്രവർത്തിച്ചത്.   വർഷങ്ങളായി ജില്ലയുടെ കിഴക്കൻ മേഖലയിലുള്ളവർക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ കൊല്ലം ന​ഗരത്തിൽ എത്തേണ്ട സ്ഥിതിയായിരുന്നു. കിലോമീറ്ററുകളോളം യാത്രചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ ചടയമംഗലം മണ്ഡലത്തിൽ റിസർവേഷൻ കൗണ്ടർ വേണമെന്നായിരുന്നു യാത്രക്കാരുടെ ആവശ്യം. ഇതിന് പരിഹാരമായാണ് 2013ൽ നിലമേലിൽ ടിക്കറ്റ് കൗണ്ടർ സ്ഥാപിച്ചത്.  ജീവനക്കാരെ നിയമിക്കുകയും പഞ്ചായത്തിന്റ നേതൃത്വത്തിൽ ഭൗതിക സാഹചര്യങ്ങളും ഒരുക്കി നൽകുകയും ചെയ്തു. ജില്ലാ അതിർത്തിയായ മടത്തറ മുതലുള്ളവർ കൗണ്ടറിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു.  എന്നാൽ, ഒരാഴ്ചയ്ക്കുള്ളിൽ പൂട്ടിക്കെട്ടാനായിരുന്നു കൗണ്ടറിന്റെ വിധി. ഇതിനെതിരെ നാട്ടുകാരുടെയും രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം ഉയ‌ർന്നു. പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച സംഘടനകൾ കൗണ്ടറിനു മുന്നിൽ റീത്ത് സ്ഥാപിച്ചു. വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ എംപിക്ക് നിവേദനവും നൽകിയെങ്കിലും പരിഹാരംമാത്രം  ഉണ്ടായില്ല. ഇതോടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് വീണ്ടും കൊല്ലം റെയിൽവേ സ്റ്റേഷനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ.  Read on deshabhimani.com

Related News