സിപിഐ എം പ്രവർത്തകന്റെ കാലിലൂടെ ജീപ്പ്‌ കയറ്റി

കൊട്ടാരക്കര താലൂക്കാശുപത്രിൽ ചികിത്സയിൽ കഴിയുന്ന അരുൺകുമാർ


കുന്നിക്കോട് വെട്ടിക്കവല പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരത്തിനിടെ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ കാലിലൂടെ പഞ്ചായത്തിന്റെ വാഹനം കയറ്റിയിറക്കി. വലതുകാലിന്റെ തള്ളവിരലിന് പരിക്കേറ്റ ചക്കുവരയ്‌ക്കൽ തെങ്ങിലഴികത്ത് വീട്ടിൽ എ ആർ അരുൺകുമാറിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധൻ പകൽ 12.30നാണ് സംഭവം. പഞ്ചായത്ത് കമ്മിറ്റി വിളിച്ച പ്രസിഡന്റ്‌ ഡി സജയകുമാർ തനിക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾക്ക് വിശദീകരണം പറയാതെ അജൻഡയിലേക്ക് കടന്നത് എൽഡിഎഫ് ജനപ്രതിനിധികൾ ചോദ്യംചെയ്തു.    വ്യാജ തിരിച്ചറിയൽ രേഖ നിർമിക്കാൻ കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡന്റ്‌ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് പഞ്ചായത്ത്‌അംഗങ്ങൾ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചതോടെ ഡി സജയകുമാർ കമ്മിറ്റിയിൽനിന്ന്‌ ഇറങ്ങിപ്പോയി. ഓഫീസിന് വെളിയിൽ എത്തിയപ്പോൾ അവിടെയും പ്രതിഷേധക്കാരെ കണ്ടതോടെ പ്രകോപിതനായി ഡ്രൈവർ സുബിനോട് എടുക്കടാ വണ്ടി എന്നു പറഞ്ഞ് വാഹനത്തിലേക്ക് ചാടിക്കയറി. സമാധാനപരമായി മുദ്രാവാക്യം വിളിച്ചിരുന്നവരുടെ ഇടയിലേക്ക് ഹോൺ മുഴക്കി ഇരപ്പിച്ചെടുത്ത ജീപ്പ് അരുൺ കുമാറിന്റെ കാലിലൂടെ കയറി.  ഈ സമയം പഞ്ചായത്ത് വാഹനത്തിലിരുന്ന് പ്രസിഡന്റ്‌ പ്രതിഷേധക്കാരെ അസഭ്യം പറയുകയായിരുന്നു. കൊട്ടാരക്കരയിൽനിന്ന്‌ പൊലീസെത്തി പരിക്കേറ്റ അരുൺകുമാറിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിലേക്കു മാറ്റി. ഇതിനിടെ തനിക്ക് മർദനമേറ്റെന്ന പ്രചാരണവുമായി പ്രസിഡന്റ്‌ ഡി  സജയകുമാറും ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ട്. Read on deshabhimani.com

Related News