സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ 
2 മാധ്യമപ്രവർത്തകർക്ക്‌ പരിക്ക്‌

പരിക്കേറ്റ മാധ്യമ പ്രവർത്തകരിൽ നിന്ന് പൊലീസ് മൊഴിയെടുക്കുന്നു


കൊല്ലം വാര്‍ത്താശേഖരണത്തിനിടെ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ രണ്ട് മാധ്യമപ്രവർത്തകർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ മാതൃഭൂമി റിപ്പോർട്ടർ അനിൽ മുകുന്ദേരി, ഫോട്ടോഗ്രാഫർ സുധീർ മോഹൻ എന്നിവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്നുപേരെ വടക്കേവിള കെടിഎൻ നഗർ മാളികവയൽ അൽത്താഫ് (32 ), സെയ്ദലി (25 ), തിരുനെൽവേലി വെള്ളംകുളി വെള്ളാപ്പണ്ടിയിൽ രാജാ (34 )എന്നിവരെ ഈസ്റ്റ് പൊലീസ്‌ അറസ്റ്റ് ചെയ്‌തു. മൂവരും തട്ടുകട നടത്തുന്നവരാണ്‌. ബുധൻ പകൽ ഒന്നിന്‌ കൊല്ലം പബ്ലിക് ലൈബ്രറിക്കു മുന്നിലെ റോഡിലാണ്‌ സംഭവങ്ങളുടെ തുടക്കം. കൊല്ലം എഫ്‌സിഐ ഗോഡൗണിനു മുന്നിലെ റോഡിന്റെ ഫോട്ടോ എടുക്കുന്നതിനിടെ സ്ഥലത്ത് അനധികൃതമായി തട്ടുകട നടത്തുന്നയാൾ സുധീറിനെ ഭീഷണിപ്പെടുത്തി. തട്ടുകടയുടെ ചിത്രം എടുത്തതാണെന്ന് ആരോപിച്ച് ഇവർ ക്യാമറ പിടിച്ചുവാങ്ങാൻ ശ്രമിച്ചു. റോഡിന്റെ ഫോട്ടോയാണ് എടുത്തതെന്ന് അറിയിച്ചിട്ടും ഇവർ അസഭ്യം പറയുകയും കൈയേറ്റത്തിനു ശ്രമിക്കുകയും ചെയ്തു. തുടർന്ന് പോളയത്തോടേക്ക് പോയ മാധ്യമപ്രവര്‍ത്തകരെ സായുധരായ മൂന്നംഗസംഘം ബൈക്കിൽ പിന്തുടർന്നു. ഇതു മനസ്സിലാക്കിയ ഇരുവരും വിവരം കൊല്ലം ഈസ്റ്റ് സിഐയെ അറിയിച്ചു.പോളയത്തോട് ശ്മശാനത്തിന് മുന്നിൽ മാലിന്യ സംസ്കരണത്തെക്കുറിച്ച് ഹരിതകർമ്മ സേനാംഗങ്ങളുമായി സംസാരിക്കുന്നതിനിടെ അക്രമികൾ വീണ്ടുമെത്തി. രണ്ട് ബൈക്കുകളിലായി എത്തിയ മറ്റ് നാലുപേരുകൂടി ഇവർക്കൊപ്പമുണ്ടായിരുന്നു. സുധീറിന്റെ കഴുത്തിന് കുത്തിപ്പിടിക്കുകയും ചവിട്ടുകയും ചെയ്തു. തടയാനെത്തിയ അനിലിന് നേരെ തിരിഞ്ഞ അക്രമികൾ തലയ്ക്കും നെഞ്ചത്തും മർദിക്കുകയും ഇടിച്ച് വീഴ്ത്തുകയും ചെയ്തു. മർദനമേറ്റ അനിൽ ബോധരഹിതനായി. പൊലീസ് വരുന്നതു കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച അക്രമിസംഘത്തിലെ ഒരാളെ അവിടെ വച്ച് തന്നെ പിടികൂടി. ബൈക്കും കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ് റോഡിൽ കിടന്ന അനിൽ മുകുന്ദേരിയെയും സുധീർ മോഹനനെയും സിഐയാണ്‌ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. പ്രതികളെ ഉടൻ അറസ്റ്റ്
ചെയ്യണം: 
കെയുഡബ്ല്യുജെ  കൊല്ലം  ജോലിക്കിടെ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഘത്തിലെ എല്ലാവരെയും എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന്‌ കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  മാധ്യമപ്രവർത്തകർക്ക് നിർഭയം ജോലി ചെയ്യാനുള്ള അവസരമുണ്ടാകണമെന്നും പ്രസിഡന്റ് ജി ബിജു, സെക്രട്ടറി സനൽ ഡി പ്രേം എന്നിവർ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News