ആവേശം നിറച്ച്‌ ആനയടി ഗജമേള

ആനയടി നരസിംഹസ്വാമി ക്ഷേത്രത്തിൽ നടന്ന ഗജമേളയിൽനിന്ന്‌


ശൂരനാട്  തിങ്ങിനിറഞ്ഞ പുരുഷാരം ആരവങ്ങളും ആർപ്പുവിളികളുമായി ആനയടി നരസിംഹസ്വാമി ക്ഷേത്രത്തിൽ ഗജമേള ആഘോഷിച്ചു. ശബ്ദവിസ്മയം തീർത്ത് പാണ്ടിയും പഞ്ചാരിമേളവും അരങ്ങേറി. തല ഉയർത്തി നിൽക്കുന്ന ഗജവീരന്മാരും കെട്ടുകാഴ്ചകളും വർണക്കാഴ്‌ചകൾ സമ്മാനിച്ചു. കോവിഡിന്റെ ഇടവേളയ്ക്കു ശേഷം ആനയടി ​ഗജമേളയിലേക്ക് വൻ ജനാവലിയാണ് ഒഴുകിയെത്തിയത്. 10–-ാം ഉത്സവദിനമായ ഞായർ പകൽ രണ്ടിന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നെറ്റിപ്പട്ടമണിഞ്ഞ ​ഗജവീരന്മാർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിത്തുടങ്ങി. നാടുചുറ്റി ഗ്രാമപ്രദ‌ർശനം കഴിഞ്ഞ് വൈകിട്ട് നാലിന് 50 ആനകൾ ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള ആനയടി ഏലായിൽ മുൻകൂട്ടി നിശ്ചയിച്ച സ്ഥാനങ്ങളിൽ അർധവൃത്താകൃതിയിൽ അണിനിരന്നു. മധ്യഭാ​ഗത്തായി തയ്യാറാക്കിയ സ്റ്റേജിൽ കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വാദ്യമേളവും ​ഗജമേളയ്ക്ക് മാറ്റുകൂട്ടി.ആറിന് ആനയടി ദേവസ്വം വക ആനയായ ആനയടി അപ്പു തിടമ്പേറ്റിയെത്തിയതോടെ ആവേശം ഉച്ചസ്ഥായിയിലായി. എലിഫന്റ് സ്ക്വഡിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും പരിശോധനകൾക്കു ശേഷമാണ് ആനകളെ എഴുന്നള്ളിച്ചത്. രാത്രി എട്ടിന് ആറാട്ട് എഴുന്നള്ളത്ത് നടന്നു. രാത്രി 10ന് പഞ്ചാരിമേളവും തുടർന്ന് രാത്രി ഒന്നുമുതൽ മുതൽ സ്റ്റേജ് സിനിമയും അരങ്ങേറി. ശാസ്താംകോട്ട ഡിവൈഎസ്‍പിയുടെയും കുന്നത്തൂർ  തഹസിൽദാരുടെയും നേതൃത്വത്തിൽ പൊലീസും റവന്യു, വൈദ്യുതി, അ​ഗ്നിരക്ഷാസേന, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷാക്രമീകരണത്തിനു നേതൃത്വം നൽകി. Read on deshabhimani.com

Related News