ക്ലാപ്പനയുടെ മതനിരപേക്ഷ നിലപാടിന്‌ ഹൈക്കോടതിയുടെ അംഗീകാരം



കരുനാഗപ്പള്ളി ക്ലാപ്പനയിൽ പള്ളി നിർമാണത്തിന്‌ അനുമതി നൽകിയ പഞ്ചായത്ത്‌ ഭരണസമിതിയുടെ മതനിരപേക്ഷ നിലപാടിന്‌ കേരള ഹൈക്കോടതിയുടെയും അംഗീകാരം.  ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.  പഞ്ചായത്തിലെ പത്താംവാർഡിൽ പള്ളി നിർമാണത്തിന്‌ യുഡിഎഫ്‌ നേതൃത്വത്തിലുള്ള ഭരണസമിതിയുള്ളപ്പോൾ അനുമതി തേടിയിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. എൽഡിഎഫ്‌ നേതൃത്വത്തിലുള്ള ഭരണസമിതി വന്നപ്പോൾ നിവേദനം ചർച്ചചെയ്‌തു. എൻജിനിയറിങ്‌ വിഭാഗത്തിന്റെ റിപ്പോർട്ടിൽ കെട്ടിട നിർമാണച്ചട്ടം പാലിച്ചാണ് പള്ളി നിർമിക്കുന്നതെന്ന്‌ ബോധ്യപ്പെട്ടു. തുടർന്ന്‌, പള്ളി പണിയുന്നതിന് അനുമതി നൽകുകയായിരുന്നു. ഇതോടെ, ക്രമസമാധാന പ്രശ്നം ഉന്നയിച്ച്‌ ചിലർ പഞ്ചായത്ത് പ്രസിഡന്റിനെ തടഞ്ഞുവച്ച്‌ ഭീഷണിപ്പെടുത്തി. തുടർന്ന് ചില സംഘപരിവാർ കേന്ദ്രങ്ങളുടെ നിശബ്ദ പിന്തുണയോടെ ഏതാനുംപേർ കോടതിയെ സമീപിക്കുകയായിരുന്നു.  രാജ്യപുരോഗതിക്കും മൗലികാവകാശ സംരക്ഷണത്തിനും മതമൈത്രി നൽകുന്ന സംഭാവന വളരെ വലുതാണെന്നും ജനങ്ങൾക്കിടയിൽ ആഴത്തിൽ നിലനിൽക്കുന്ന മതസൗഹാർദം തകർക്കാൻ ആരും ശ്രമിക്കുമെന്ന് കരുതാനാകില്ലെന്നുമാണ്‌ ഡിവിഷൻ ബെഞ്ച് വിധിന്യായത്തിൽ വ്യക്തമാക്കിയത്‌.  നിർമാണത്തിനെതിരായ ഹർജികൾ തള്ളുകയുംചെയ്‌തു. ശബരിമല അയ്യപ്പനും വാവരു സ്വാമിയും ആർത്തുങ്കൽ വെളുത്തച്ചനും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്ന ഐതിഹ്യങ്ങൾ കോടതി എടുത്തുകാട്ടി.  ക്ലാപ്പനയുടെ മതേതര ചരിത്രം രൂപപ്പെട്ടത് എങ്ങനെയെന്ന്‌ അറിയാതെ ഇറങ്ങിത്തിരിച്ചവർക്ക് ഹൈക്കോടതി വിധി നൽകിയത്‌ വലിയ തിരിച്ചടിയാണെന്ന് പ്രസിഡന്റ്‌ മിനിമോൾ പറഞ്ഞു. Read on deshabhimani.com

Related News