ഭൂമി ഏറ്റെടുക്കാൻ 2 സ്‌പെഷ്യൽ തഹസിൽദാർ ഓഫീസ്‌



കൊല്ലം കൊല്ലം–-ചെങ്കോട്ട ഗ്രീൻഫീൽഡ് ദേശീയപാതയ്ക്ക്‌ (744) സ്ഥലം ഏറ്റെടുക്കുന്നതിനായി കൊട്ടാരക്കരയിലും പുനലൂരിലും സ്‌പെഷ്യൽ തഹസിൽദാർ ഓഫീസും 24 തസ്‌തികയും അനുവദിച്ച്‌ സർക്കാർ ഉത്തരവായി. ഒരു തഹസിൽദാർ, രണ്ട്‌ ആർഐമാർ, മൂന്ന്‌ സർവേയർമാർ ഉൾപ്പെടെ 12 തസ്‌തികയാണ്‌ ഒരു ഓഫീസിലുള്ളത്‌.  സ്പെഷ്യൽ തഹസിൽദാർ ഓഫീസും ജീവനക്കാരെയും ആവശ്യപ്പെട്ട് ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ ലാൻഡ് റവന്യു കമീഷണർക്ക്‌ കത്ത് നൽകിയിരുന്നു. കടമ്പാട്ടുകോണത്തുനിന്ന്‌ ആരംഭിക്കുന്ന 73 കിലോമീറ്റർ ദൈർഘ്യമുള്ള പാത ആര്യങ്കാവിൽ ചെങ്കോട്ട റോഡിലേക്ക്‌ പ്രവേശിക്കും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെ നിർമിക്കുന്ന പാതയുടെ ഏറെ ഭാഗവും കൊല്ലത്താണ്‌. വർക്കല താലൂക്കിലെ ചെറിയൊരു ഭാഗമാണ്‌ തിരുവനന്തപുരം ജില്ലയിൽപ്പെടുന്നത്‌. ഇവിടെ ഭൂമി ഏറ്റെടുക്കൽ ചുമതല തിരുവനന്തപുരം ഡെപ്യൂട്ടി കലക്ടർക്കാണ്‌. ഇതിനായി ആറ്റിങ്ങൽ സ്‌പെഷ്യൽ തഹസിൽദാർ നടപടി സ്വീകരിക്കും. 127 ഹെക്ടർ ഏറ്റെടുക്കും പുതിയ പാതയ്ക്കായി 127 ഹെക്ടർ ഭൂമിയാണ്‌ സർക്കാർ ഏറ്റെടുത്ത്‌ ദേശീയപാത അതോറിറ്റിക്കു കൈമാറേണ്ടത്‌. ഇതിൽ ഏകദേശം 12 ഹെക്ടറിൽ താഴെ മാത്രമാണ്‌ തിരുവനന്തപുരം ജില്ലയിലുള്ളത്‌. പുനലൂർ, കൊട്ടാരക്കര താലൂക്കിൽപ്പെടുന്ന ഭൂമി ഏറ്റെടുക്കൽ ചുമതല നിലവിൽ ദേശീയപാത 66ന്റെ ഭൂമി ഏറ്റെടുക്കൽ ചുമലതയുള്ള ഡെപ്യൂട്ടി കലക്ടർക്കാണ്‌. കലക്ടർ മേൽനോട്ടം വഹിക്കും. എന്നാൽ, ചുമതല ഏറ്റെടുക്കാൻ കലക്ടർ മൂന്നുമാസത്തെ സാവകാശം ചോദിച്ചിട്ടുണ്ട്‌.  വിജ്ഞാപനം നവംബറിൽ ഭൂമി ഏറ്റെടുക്കൽ നടപടിക്കായുള്ള പ്രാഥമിക വിജ്ഞാപനം (മൂന്ന്‌ എ) നവംബറിൽ എൻഎച്ച്‌എഐ പ്രസിദ്ധീകരിക്കും. കേന്ദ്ര സർക്കാരിന്റെ ഗസറ്റിലും രണ്ട്‌ പ്രാദേശിക പത്രത്തിലുമാകും വിജ്ഞാപനം പ്രസിദ്ധീകരിക്കുക. ഉത്തർപ്രദേശിലെ ചൈതന്യ കൺസ്‌ട്രക്‌ഷൻ കമ്പനിയാണ്‌ ഡിപിആർ തയ്യാറാക്കിയത്‌ .  20 വലിയ പാലം, 
45 അടിപ്പാത ഇരുപത്താറുമീറ്ററിൽ നാലുവരിപ്പാതയും ഏഴുമീറ്റർ സർവീസ് റോഡുമാണ്‌ നിർമിക്കുക. 20 വലിയ പാലവും 16 ചെറിയ പാലവും 45 അടിപ്പാതയുമുണ്ട്‌. 91 കലുങ്കും രണ്ട്‌ ബസ്ബേയും 28 ബസ് ഷെൽട്ടറും സജ്ജമാക്കും.  നഷ്ടപരിഹാരത്തിന്‌ 
2850 കോടി ഭൂമി ഏറ്റെടുക്കൽ, പൊളിച്ചുമാറ്റേണ്ടിവരുന്ന കെട്ടിടം, കടകൾ, മുറിച്ചുമാറ്റേണ്ട മരം എന്നിവയ്‌ക്കുള്ള നഷ്ടപരിഹാരത്തിനായി കണക്കാക്കുന്നത്‌ 2850 കോടി രൂപയാണ്‌.  കൊട്ടാരക്കര, പുനലൂർ താലൂക്കിലെ ഇടമൺ, ഏരൂർ, ആയിരനല്ലൂർ, അലയമൺ, അഞ്ചൽ, കോട്ടുക്കൽ, ഇട്ടിവ, ചടയമംഗലം, നിലമേൽ വില്ലേജുകളിലാണ്‌ ഭൂമി ഏറ്റെടുക്കുന്നത്‌. Read on deshabhimani.com

Related News