കാർഷിക മേഖലയ്ക്ക് സമ​ഗ്ര പരി​ഗണന



ചടയമംഗലം കാർഷിക മേഖലയിലെ സമ​ഗ്രവികസനത്തിന് ഊന്നൽ നൽകി ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക ബജറ്റ്. 85.46 കോടി രൂപ വരവും 85. 21 കോടി ചെലവും 24. 85 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ഹരി വി നായർ അവതരിപ്പിച്ചത്. പ്രസിഡന്റ് ലതികാ വിദ്യാധരൻ അധ്യക്ഷയായി. വന്യമൃഗങ്ങളിൽ നിന്ന് കാർഷികവിളകളെ സംരക്ഷിക്കുന്നതിന് 10 ലക്ഷം രൂപയും മാതൃകാ കൃഷിത്തോട്ടം പദ്ധതിക്ക് 7.5 ലക്ഷം രൂപയും കാർഷിക വിളകളുടെ സംഭരണവും വിപണനവും ഉറപ്പാക്കുന്നതിന് സഹകരണ സംഘങ്ങൾക്ക് രണ്ടു ലക്ഷം രൂപയും കാർഷിക മേഖലയുടെ സമഗ്രവികസനത്തിന് 19.5 ലക്ഷം രൂപയും അനുവദിച്ചു. തരിശ്ശുഭൂമി കൃഷിയോ​ഗ്യമാക്കുന്നതിന് തൊഴിലുറപ്പ് പദ്ധതിക്കായി 13.90 കോടി രൂപയും വകയിരുത്തി. പോഷകാഹാരം പദ്ധതിക്ക് 15 ലക്ഷം,  ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ്പിനായി 20 ലക്ഷം, ബഡ്സ് സ്കൂളുകൾക്ക് 10 ലക്ഷം,  ഭിന്നശേഷി കുട്ടികളുടെ കലാകായികമേളയ്ക്ക് ഒരു ലക്ഷം, സൈഡ് വീൽ സ്കൂട്ടർ പദ്ധതിക്ക് 10 ലക്ഷം എന്നിങ്ങനെ അനുവദിച്ചു.  ഭവന പദ്ധതിയിലെ ഗുണഭോക്താക്കൾക്കായി 5.30 കോടി രൂപയാണ് ബജറ്റ് വിഹിതം.  ആരോഗ്യമേഖലയ്ക്കായി 3.52കോടി, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 1 .47 കോടി, ഗ്രാമീണ റോഡുകളുടെ വികസനത്തിന് 2.37 കോടിയും അനുവദിച്ചു. തൊഴിലുറപ്പു പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ 66 .85 കോടി രൂപയാണ് വകയിരുത്തിയത്. വനിതാ സംഘങ്ങൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിന് 32 ലക്ഷം രൂപയും അനുവദിച്ചു. Read on deshabhimani.com

Related News