പത്തനാപുരത്ത്‌ കിരണം പദ്ധതി തുടങ്ങി

കിരണം പദ്ധതിയുടെ ഭാഗമായി നടത്തിയ എൽഇഡി ബൾബ് 
നിർമാണ പരിശീലനം


പത്തനാപുരം എൽഇഡി ബൾബുകളുടെ നിർമാണവും പരിപാലനവും ലക്ഷ്യമിട്ടുള്ള കിരണം പദ്ധതിക്ക്‌ പത്തനാപുരം പഞ്ചായത്തിൽ തുടക്കമായി. ഉപയോഗ്യശൂന്യമായ എൽഇഡി ബൾബുകൾ അറ്റകുറ്റപ്പണി നടത്തി പതിനായിരം മണിക്കൂർ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ മാറ്റുകയാണ്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ പ്രവർത്തകർക്ക് നിർമാണ പരിശീലനം നൽകിത്തുടങ്ങി. തുടർന്ന് എല്ലാ കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം നൽകും. 10ലക്ഷം രൂപ മുടക്കിയാണ് എൽഇഡി ബൾബുകൾ നിർമിക്കുന്ന യൂണിറ്റ് ആരംഭിച്ചത്. വീടുകളിൽ ഉപയോഗശൂന്യമായ ബൾബുകൾ ഹരിതകർമസേന അഞ്ചുരൂപ നിരക്കിൽ ഏറ്റെടുത്ത് ഉപയോഗയോഗ്യമാക്കി ഉടമയ്ക്ക് തിരികെ നൽകും. അധികമായി നിർമിക്കുന്നവ പഞ്ചായത്തുതന്നെ ഏറ്റെടുത്ത് തെരുവ്‌ വിളക്ക് പരിപാലനത്തിനായി ഉപയോഗിക്കും. എല്ലാ വർഷവും തെരുവ് വിളക്കുകൾ വാങ്ങുന്നതിനായി ലക്ഷങ്ങളാണ് പഞ്ചായത്ത് പദ്ധതിയിനത്തിൽ വകയിരുത്തുന്നത്. കിരണം പദ്ധതി നടപ്പാക്കുന്നത്തോടെ ഈ ഇനത്തിൽ വലിയ തുക ലാഭിക്കാനാകും.  പഞ്ചായത്ത് പ്രസിഡന്റ്‌ എസ്‌ തുളസി പരിശീലന പരിപാടി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ്‌ നസീമ ഷാജഹാൻ, സ്ഥിരംസമിതി അധ്യക്ഷരായ എ ബി അൻസാർ, കെ വൈ സുനറ്റ്, ബെൽകീസ് ബീഗം, പഞ്ചായത്ത് അംഗങ്ങളായ സലൂജ ദിലീപ്, മണി സോമൻ, സി വിജയ, തൗസിയ മുഹമ്മദ്‌, അനിതകുമാരി, വിഇഒ സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.     Read on deshabhimani.com

Related News