3 പെൺകുട്ടികൾ പൊന്നണിയും 
ദമ്പതികളുടെ കരുതലിൽ



അഞ്ചാലുംമൂട് സർക്കാരിന്റെ സംരക്ഷണയിൽ കഴിയുന്ന ഗോപികയ്‌ക്കും ആതിരയ്‌ക്കും അമ്മുവിനും വിവാഹസമ്മാനമായി നാലു പവൻ വീതം നൽകുന്നത്‌ ഈ പെൺകുട്ടികൾ ഇതുവരെ കണ്ടിട്ടില്ലാത്ത നല്ല മനസ്സിന് ഉടമകളായ ദമ്പതികൾ. മുൻ ബിഎസ്‌എൻഎൽ ജീവനക്കാരൻ മാമൂട്‌ അഹല്യയിൽ എ ആർ ഗോപിനാഥന്റെ അനന്തരവൾ ഷീജയും ഭർത്താവ്‌ മണികണ്‌ഠനുമാണ്‌ ഇവരെ പൊന്നണിയിക്കുന്നത്‌. തങ്ങളുടെ മകളുടെ വിവാഹത്തിനായി കരുതിയ സ്വർണത്തിൽനിന്നാണ്‌ ഈ കരുതൽ.  ഇഞ്ചവിള ഗവ. ആഫ്‌റ്റർ കെയർ ഹോമിൽ കഴിയുന്ന ഇവർക്ക്‌ സർക്കാർ ഒരു ലക്ഷം വീതം നൽകും. പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ഓരോ പവൻ വീതം നൽകും. 28ന്‌ അഞ്ചാലുംമൂട് ലേക് പാലസ് ഹോം സ്റ്റേയിലാണ് വിവാഹം. കൊട്ടാരക്കര സ്വദേശിനിയായ ഗോപികയ്‌ക്ക്‌ മുഖത്തല സ്വദേശി ചിത്രേഷും ശൂരനാട് സ്വദേശിനിയായ ആതിരയ്‌ക്ക്‌ ചവറ സ്വദേശി ജസ്റ്റിനും കൊല്ലം സ്വദേശിനിയായ അമ്മുവിന്‌ കല്ലുവാതുക്കൽ സ്വദേശി അജികൃഷ്ണനുമാണ്‌ ജീവിത പങ്കാളികളാകുന്നത്‌. ഇവർക്ക് കരുതലായി എന്തെങ്കിലും നൽകാൻ ആഫ്റ്റർ കെയർ ഹോം അധികൃതർ നടത്തിയ ഇടപെടലിനെ തുടർന്നാണ് ഗോപിനാഥനെ ബന്ധപ്പെട്ടത്‌. അദ്ദേഹം തിരുവനന്തപുരത്ത് താമസിക്കുന്ന അനന്തരവളെയും ഭർത്താവിനെയും ബന്ധപ്പെട്ട് സഹായം ഉറപ്പാക്കുകയായിരുന്നു.   സാമൂഹികനീതി വകുപ്പ് ജില്ലാ ഓഫീസർ പി ബിജി, സൂപ്രണ്ട് മേരിക്കുട്ടി എന്നിവർ സ്വർണാഭരണങ്ങൾ ഏറ്റുവാങ്ങി. റെഡ്ക്രോസ് ജില്ലാ സെക്രട്ടറി അജയകുമാർ, ജോർജ് എഫ് സേവ്യർ, റാണി നൗഷാദ്, ബെറ്റ്സി, സന്തോഷ്, പ്രവീൺ, മാത്യൂ എന്നിവർ സന്നിഹിതരായി. Read on deshabhimani.com

Related News