രക്ഷാപ്രവർത്തനത്തിന്‌ അതിവിപുല ഒരുക്കം



കൊല്ലം അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനത്തിന് അതിവിപുല സംവിധാനം ഏർപ്പെടുത്തിയെന്ന് കലക്ടർ അഫ്‌സാന പർവീൺ അറിയിച്ചു. ആവശ്യാനുസരണം കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും. ആർആർ ഡെപ്യൂട്ടി കലക്ടർക്കാണ് ചുമതല.  കോവിഡ് സാഹചര്യം കൂടി മുന്നിൽക്കണ്ടാണ് ക്യാമ്പുകൾ സജ്ജീകരിക്കുന്നത്. ഗൃഹനിരീക്ഷണത്തിൽ കഴിയേണ്ടുന്നവർക്കായി ശുചിമുറിയുടെ സാമീപ്യം ഉറപ്പാക്കും. ഇത്തരം കേന്ദ്രങ്ങളുടെ പട്ടിക തയ്യാറാക്കി. അപകടസാധ്യതാ പ്രദേശങ്ങളിലുള്ളവരെ നിർബന്ധമായും ക്യാമ്പുകളിലേക്ക് മാറ്റും. തദ്ദേശസ്ഥാപനങ്ങളാണ് ഏകോപനം നിർവഹിക്കുക.  ക്യാമ്പ് പരിപാലന കമ്മിറ്റി പുരുഷ/വനിതാ പ്രതിനിധികൾ, വാർഡ് അംഗം, ഉദ്യോഗസ്ഥൻ എന്നിവരെ ഉൾപ്പെടുത്തിയാണ് പ്രവർത്തിക്കുക. സാമൂഹിക അടുക്കള ക്യാമ്പ് അംഗങ്ങളുടെ സഹായത്തോടെയോ സന്നദ്ധസംഘടനകൾ മുഖാന്തിരമോ സജ്ജമാക്കും. സപ്ലൈ ഓഫീസ് മുഖേന ക്യാമ്പിലേക്ക് ഭക്ഷ്യവസ്തുക്കളും പാചകവാതകവും ലഭ്യമാക്കും. കുടിവെള്ളം/വൈദ്യുതി എന്നിവ തടസ്സരഹിതമായി അതത് വകുപ്പുകൾ നൽകും. ശുചിത്വ മിഷൻ തദ്ദേശസ്ഥാപനത്തിന്റെ സഹകരണത്തോടെ മാലിന്യം നീക്കി ശുചിത്വം ഉറപ്പാക്കും. കോവിഡ് പരിശോധനയ്ക്കും ആരോഗ്യ നിരീക്ഷണത്തിനുമായി ആരോഗ്യ വിദഗ്ധരേയും നിയോഗിച്ചു. വാഹനങ്ങളുടെ ലഭ്യതയും ഉറപ്പാക്കി. ക്യാമ്പ് അംഗങ്ങളുടെ വിവരങ്ങൾ റിലീഫ് പോർട്ടലിൽ ചേർക്കും. പ്രതിദിന യോഗം ചേർന്ന് ക്യാമ്പിന്റെ കുറ്റമറ്റ നടത്തിപ്പ് ഉറപ്പാക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും കലക്ടർ അറിയിച്ചു. Read on deshabhimani.com

Related News