72 ഗ്രാം എംഡിഎംഎയുമായി 
2 യുവാക്കൾ പിടിയിൽ



കരുനാഗപ്പള്ളി  കാറിൽ കടത്താൻ ശ്രമിച്ച മാരകമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ കരുനാ​ഗപ്പള്ളിയിൽ അറസ്റ്റിൽ. ശൂരനാട് തെക്ക് തുപ്പായി വിളപ്പുറം കോളനിയിൽ താമസിക്കുന്ന അനീഷ് (33), കല്ലേലിഭാഗം ബിന്ദു ഭവനിൽ വൈശാഖ് (23)എന്നിവരാണ് അറസ്റ്റിലായത്. 72ഗ്രാം മയക്കുമരുന്ന് ഇവരിൽനിന്ന് പിടിച്ചെടുത്തു. ജില്ലയിൽ ആദ്യമായാണ് ഇത്ര വലിയ അളവിൽ എംഡിഎംഎ പിടികൂടുന്നത്.  രണ്ടാഴ്ചയ്ക്കിടെ വിവിധ മയക്കുമരുന്ന് കേസിലായി ഏഴുപേരാണ് കരുനാ​ഗപ്പള്ളിയിൽ അറസ്റ്റിലായത്. ബംഗളൂരുവിലുള്ള വൈറ്റ് ഫീൽഡ് എന്ന സ്ഥലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘത്തിൽ ഉൾപ്പെട്ട പാലക്കാട്, കൊല്ലം സ്വ​ദേശികളെ രണ്ടുദിവസം മുമ്പ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  ഇവരിൽ നിന്നാണ് ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ എംഡിഎംഎ എത്തിക്കുന്നവരെക്കുറിച്ച് വിവരം ലഭിച്ചത്. ബംഗളൂരുവിൽ പഠിക്കാൻ പോകുന്ന വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരെ കരുവാക്കിയാണ് വൈശാഖും എംഡിഎംഎ വാങ്ങുന്നതെന്ന് പൊലീസ് പറഞ്ഞു. ഗ്രാമിന് 2000 –-2500രൂപ നിരക്കില്‍ വാങ്ങുന്ന മയക്കുമരുന്ന്‍ 6000 മുതൽ 8000 രൂപവരെ ഈടാക്കിയാണ് ഇവർ ഇടപാടുകാർക്ക് നൽകുന്നത്. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ജി ഗോപകുമാർ, എസ്ഐമാരായ അലോഷ്യസ് അലക്‌സാണ്ടർ, ആർ ശ്രീകുമാർ, ജിമ്മി ജോസ്, എഎസ്ഐമാരായ ഷാജിമോൻ, നന്ദകുമാർ, ജെ ശ്രീകുമാർ, സീസർ, എ‍സ്‍സിപിഒ-മാരായ രാജീവ്, ഹാഷിം, സിദ്ദിഖ്, അനൂപ്, സീമ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.  കഴിഞ്ഞ മൂന്നുമാസത്തിനിടെ കരുനാഗപ്പള്ളി പൊലീസ് നടത്തിയ അന്വേഷണത്തിൽ പതിനഞ്ചിലധികം കേസിലായി 250 ഗ്രാമിലധികം എംഡിഎംഎയും 15 കിലോയിലധികം കഞ്ചാവും ലക്ഷക്കണക്കിന് രൂപയുടെ പുകയില ഉൽപ്പനങ്ങളും പിടിച്ചെടുത്തിരുന്നു. Read on deshabhimani.com

Related News