വിദ്യാർഥികൾക്ക് കൺസെഷൻ നൽകാത്ത ബസുകൾ എസ്എഫ്ഐ തടഞ്ഞു



പത്തനാപുരം സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള കൺസെഷൻ നൽകാത്തതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പത്തനാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് തടഞ്ഞു പ്രതിഷേധിച്ചു. പത്തനാപുരം –- -അടൂർ റൂട്ടിലാണ്‌ ചില ബസുകൾ പുതിയ അധ്യയന വർഷം ആരംഭിച്ചത് മുതൽ വിദ്യാർഥികൾക്ക് കൺസെഷൻ നിഷേധിച്ചത്‌. ചോദ്യംചെയ്ത വിദ്യാർഥികളെ അധിക്ഷേപിക്കുകയും ബസിൽനിന്ന്‌ ഇറക്കിവിടുകയും ചെയ്തു. നിരവധി പരാതികളാണ് വിഷയത്തിൽ ഉയർന്നുവന്നത്‌. കിലോമീറ്ററുകളുടെ അടിസ്ഥാനത്തിൽ ഒരു രൂപ മുതൽ ഏഴ് രൂപവരെയുള്ള വിദ്യാർഥി കൺസെഷനിൽ ഒരു മാനദണ്ഡങ്ങളും പാലിക്കാതെ 10 –- 12 രൂപ ആണ് സ്വകാര്യ ബസുകൾ ഈടാക്കിയിരുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് പത്തനാപുരം ടൗണിൽ എസ്എഫ്ഐ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ബസ് തടഞ്ഞത്‌. തുടർന്ന് പൊലീസ് ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് ഉറപ്പുനൽകി. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ തുടർപ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്ന്‌ എസ്എഫ്ഐ ഏരിയ കമ്മിറ്റി അറിയിച്ചു. പ്രസിഡന്റ് ഷിനുമോൻ, സെക്രട്ടറി മിഥുൻ മോഹൻ, മിഥുൻ ചന്ദ്രൻ, അമ്പാടി, അലൻ എന്നിവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News