വരുന്നു, 2.50 കോടിയുടെ 
വനിതാ സ്‌പോർട്‌സ്‌ ഹോസ്റ്റൽ



കൊല്ലം ജില്ലയുടെ കായികമേഖലയ്ക്ക് കുതിപ്പേകാൻ ജില്ലാ സ്പോർട്സ് അക്കാദമിക്ക് പുതിയ വനിതാ ഹോസ്റ്റൽ വരുന്നു. 2.50 കോടി ചെലവഴിച്ചു നിർമിക്കുന്ന ഹോസ്റ്റലിന് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയത്തോട് ചേർന്നാണ് കായിക യുവജനവകുപ്പ് രണ്ടുനില ഹോസ്റ്റൽ നിർമിക്കുന്നത്. നൂറോളം കുട്ടികൾക്കുള്ള താമസസൗകര്യം ഉണ്ടാകും. കായിക മേഖലയിൽ മികച്ച അടിസ്ഥാന സൗകര്യം ഒരുക്കാൻ സർക്കാർ രൂപീകരിച്ച സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നടപ്പാക്കൽ ചുമതല. ഹോസ്റ്റൽ കെട്ടിടത്തിനായി 1.68 കോടി രൂപയാണ് നീക്കിവച്ചത്. ഇന്റർലോക്കിന്‌  5.01 ലക്ഷം രൂപയും ഇലക്ട്രിക്കൽ ജോലിക്കായി 25 ലക്ഷം രൂപയും വകയിരുത്തി. ലാൽ ബഹദൂർ സ്റ്റേഡിയത്തിനു സമീപം നിർമിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിനടുത്താണ് ജില്ലാ സ്പോർട്സ് അക്കാദമിയുടെ ഓഫീസ്. ഇവിടെ മോശാവസ്ഥയിലുള്ള താമസസൗകര്യത്തിന് പകരമായാണ് ഹോസ്റ്റൽ വരുന്നത്. ഡിസ്ട്രിക്ട് സ്പോർട്സ് അക്കാദമിയിൽ നിലവിൽ 60 കുട്ടികളാണുള്ളത്.  ഉയരും, ഈ വർഷംതന്നെ ഹോക്കി സ്റ്റേഡിയത്തോട് ചേർന്ന് നിലവിൽ മുപ്പതോളം കുട്ടികൾ താമസിക്കുന്ന പ്രീഫാബ് യൂണിറ്റ് മാറ്റി അവിടെയാണ് പുതിയ ഹോസ്റ്റൽ വരുന്നത്. കുട്ടികൾക്കുള്ള ഡോർമെറ്ററി സൗകര്യം, സ്റ്റഡി റൂം, അടുക്കള, ഭക്ഷണം കഴിക്കാൻ സൗകര്യം, റിക്രിയേഷൻ റൂം തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുക. പൂർണമായും സംസ്ഥാന സർക്കാർ ​ഗ്രാന്റ്‌ ഉപയോ​ഗിച്ചു നിർമിക്കുന്ന ഹോസ്റ്റൽ ഈ വർഷം തന്നെ പൂർത്തിയാക്കും. അന്തിമ രൂപരേഖ സ്പോർട്സ് കൗൺസിലുമായി കൂടിയാലോചിച്ച ശേഷം തയ്യാറാക്കും. അടുത്തയാഴ്ച കൊല്ലത്തെത്തുന്ന സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസി‍ഡന്റ് മേഴ്സിക്കുട്ടനുമായി ഇതുസംബന്ധിച്ച കൂടിയാലോചനകൾ നടക്കും. Read on deshabhimani.com

Related News