സുരേന്ദ്രൻ വിരുദ്ധർ 
കൊല്ലം കേന്ദ്രമാക്കുന്നു



കൊല്ലം  ബിജെപിയിലെ കെ സുരേന്ദ്രൻ വിരുദ്ധർ കൊല്ലം കേന്ദ്രമാക്കി സമാന്തര പ്രവർത്തനം സജീവമാക്കുന്നു. അടൽജി ഫൗണ്ടേഷന്റെ പേരിലാണ്‌ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ  ഒത്തുചേരുന്നത്‌. ഫൗണ്ടേഷന്റെ ഉദ്‌ഘാടനത്തിന്‌ സംസ്ഥാന പ്രസിഡന്റും ജില്ലാ പ്രസിഡന്റും ഇല്ലാത്ത പോസ്റ്ററുകൾ ജില്ലയിൽ പ്രചരിക്കുകയാണ്‌. ‘വിക്ടിംസ് ഓഫ് എമർജൻസി’ കൂട്ടായ്മയുടെ മറവിൽ സമാന്തര സംഘടനാ പ്രവർത്തനങ്ങൾക്ക് ഒരുങ്ങിയത് വിമതനീക്കമായി സംസ്ഥാന നേതൃത്വം ശ്രദ്ധിച്ചതോടെയാണ് അടൽജി ഫൗണ്ടേഷനിലേക്ക്‌ ചുവടുമാറ്റം.  ബി ബി ഗോപകുമാർ വീണ്ടും ജില്ലാ പ്രസിഡന്റായശേഷം വലിയൊരു വിഭാഗം അസംതൃപ്തർ കൊല്ലത്ത് മുൻ ജില്ലാ ഭാരവാഹിയുടെ വീട്ടിൽ രഹസ്യയോഗം ചേർന്നിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ എൻ രാധാകൃഷ്ണനും ഈ യോഗത്തിൽ പങ്കെടുത്തു. ഇതോടെ സംസ്ഥാന നേതൃത്വം കൊല്ലത്തെ നീക്കങ്ങൾ അന്വേഷണവിധേയമാക്കി. ഇതിനെ മറികടക്കുകയെന്ന തന്ത്രം അടൽജി ഫൗണ്ടേഷന്റെ പിന്നിലുണ്ട്‌. ബിജെപിയുടെ ആദ്യ പ്രധാനമന്ത്രിയുടെ പേരിൽ ഫൗണ്ടേഷൻ തുടങ്ങിയാൽ ആര്‌ നടപടിയെടുക്കും എന്ന ചോദ്യമാണ്‌ ഇവർ ഉയർത്തുന്നത്‌. തുടർന്ന് സംസ്ഥാനാടിസ്ഥാനത്തിലും വിവിധ പേരുകളിൽ ഫൗണ്ടേഷൻ ആരംഭിക്കാനാണ് നീക്കം. നേരത്തെ കുമ്മനം രാജശേഖരൻ സംസ്ഥാന അധ്യക്ഷനായിരുന്നപ്പോൾ വി മുരളീധരനെയും സുരേന്ദ്രനെയും അനുകൂലിച്ചവർ സൂര്യകാന്തി ഫൗണ്ടേഷൻ എന്ന പേരിൽ കൊല്ലത്ത് സംഘടനയുണ്ടാക്കി സമാന്തര പ്രവർത്തനം നടത്തിയിരുന്നു.  കൊല്ലത്തെ ഫൗണ്ടേഷൻ ഒ രാജഗോപാൽ ഉദ്‌ഘാടനംചെയ്യും. മുൻ സംസ്ഥാന പ്രസിഡന്റുമാരായ സി കെ പത്മനാഭൻ, കെ രാമൻപിള്ള, വൈസ്‌ പ്രസിഡന്റ്‌ എ എൻ രാധാക്യഷ്‌ണൻ, ജനറൽ സെക്രട്ടറി എം ടി രമേശ്‌, മുൻ ജില്ലാ പ്രസിഡന്റ്‌ കെ ശിവദാസൻ എന്നിവർ പങ്കെടുക്കും. പരിപാടിയുടെ ആലോചനായോഗത്തിൽ പങ്കെടുക്കാൻ പി പി മുകുന്ദൻ എത്തുന്നുണ്ട്. കേന്ദ്രഭരണത്തിന്റെ തണലിൽ കേരളത്തിലേക്ക് ഒഴുകുന്ന കണക്കറ്റ പണത്തിന്റെ പേരിൽ തുടങ്ങിയ അസ്വാരസ്യം അതിവേഗം പടരുന്നതിൽ സാമുദായിക വിവേചനവും കാരണമാണ്‌. സംസ്ഥാന നേതൃത്വത്തിനെതിരെ വൻ കുറ്റപത്രവുമായി ഇ ശ്രീധരൻ കൂടി ബിജെപി വിട്ടതും അസംതൃപ്തരുടെ നീക്കങ്ങൾക്ക് ആത്മവിശ്വാസമുണ്ടാക്കി. Read on deshabhimani.com

Related News