പച്ചപിടിക്കുന്നു



കൊല്ലം ജില്ലയുടെ വികസനത്തിൽ പ്രതീക്ഷയായി ഗ്രീൻഫീൽഡ് പാത.  കൊല്ലം–- തിരുമംഗലം ദേശീയപാത 744നു സമാന്തരമായി തെന്മല മുതൽ- കടമ്പാട്ടുകോണം വരെയുള്ള പുതിയ പാതയുടെ രൂപരേഖ തയ്യാറാക്കൽ അവസാനഘട്ടത്തിലെത്തി. 32 മീറ്റർ വീതിയിൽ  നാലുവരിപ്പാതയ്ക്ക്  എത്രഭൂമി ഏറ്റെടുക്കണം, പൊളിക്കേണ്ട കെട്ടിടങ്ങൾ, വൃക്ഷങ്ങൾ, കൃഷി , നിർമാണച്ചെലവ് എന്നിവയടങ്ങിയ വിശദമായ രൂപരേഖ പൂർത്തിയായാൽ ഉടൻ കൺസൾട്ടിങ്‌ ഏജൻസി ദേശീയപാത അതോറിറ്റിക്ക് സമർപ്പിക്കും. 1591.79 കോടി രൂപയാണ് പ്രാഥമികമായി ചെലവ് കണക്കാക്കുന്നത്. 337.3 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും. ഇതിനായി 347.63 കോടിയും കെട്ടിടങ്ങൾ പൊളിക്കുന്നതിന്‌ 152.5 കോടിയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രൂപരേഖയായ ശേഷം സർക്കാരിൽനിന്ന് നിർദ്ദേശം ലഭിക്കുന്നതിന് അനുസരിച്ച് മറ്റു നടപടികളിലേക്കു കടക്കുമെന്ന് ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ  ആർ സുമീതൻപിള്ള പറഞ്ഞു.      39.374 കി.മി. ​​​ഗ്രീൻഫീൽ‍ഡ് സംസ്ഥാന അതിർത്തിയായ ആര്യങ്കാവിൽനിന്ന് ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണം വരെയാണ്  പാത.  ആര്യങ്കാവ് റെയിൽവെ സ്റ്റേഷനിൽനിന്ന് കൊല്ലം വരെയുള്ള നിലവിലെ പാതയിൽ തെന്മല വച്ച് പത്തടി, ചടയമം​ഗലം വഴി കടമ്പാട്ടുകോണത്ത് ദേശീയപാത 66ൽ ചേരുന്ന വിധത്തിലാണ് ഇത്‌. തെന്മല മുതൽ കടമ്പാട്ടുകോണം വരെ 47.262 കിലോമീറ്ററാണ് പുതുതായി നിർമിക്കുന്നത്. ഇതിൽ 39.374 കിലോ മീറ്റർ ​​​ഗ്രീൻഫീൽഡ് ആണ്. പത്തടി മുതൽ തെന്മലവരെ വനമേഖലയാണ്‌. വനപ്രദേശത്ത് 30 മീറ്റർ വീതിയാണ്‌ ഉണ്ടാകുക. ഇവിടെ ഭൂരിഭാ​ഗം മേഖലയിലും മൃ​ഗങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്താതെയുള്ള എലിവേറ്റഡ് പാതയാണ് ലക്ഷ്യമിടുന്നത്.     വിനോദസ‍ഞ്ചാരത്തിനും മുതൽക്കൂട്ട് കൊല്ലം–- മധുര സാമ്പത്തിക ഇടനാഴിയുടെ ഭാ​ഗമായാണ് പാത വികസനം. ജില്ലയെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന വളരെ വേ​ഗമേറിയ പാതയായി ഇതുമാറും.  ചടയമം​ഗലം അടക്കമുള്ള ടൗണുകളുടെ വികസനക്കുതിപ്പിനും കിഴക്കൻ മേഖലയിലെ ടൂറിസം വികസനത്തിനും മുതൽക്കൂട്ടാകും. കൊട്ടാരക്കര താലൂക്കിലെ ചടയമം​ഗലം, കോട്ടുകാൽ, ഇട്ടിവ, നിലമേൽ, കൊല്ലം താലൂക്കിലെ പാരിപ്പള്ളി, പുനലൂർ താലൂക്കിലെ വലക്കോട്, ഇടമൺ, തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ, തിങ്കൾകരിക്കകം, ആയിരനല്ലൂർ, ഇടമുളയ്‌ക്കൽ, അഞ്ചൽ, ഏരൂർ, അലയമൺ, പുനലൂർ വില്ലേജുകളിലൂടെയാണ് പാത കടന്നുപോകുന്നത്.      നിലവിലെ പാത വികസനം കഠിനം കൊല്ലം, കരിക്കോട്, കേരളപുരം, കുണ്ടറ, നെടുവത്തൂർ, കൊട്ടാരക്കര, കുന്നിക്കോട്, പുനലൂർ തുടങ്ങിയ ജനസാന്ദ്രതയേറിയ മേഖലകളുള്ള നിലവിലെ പാത വികസിപ്പിക്കണമെങ്കിൽ നിരവധി വീടുകളും കെട്ടിടങ്ങളും സ്ഥാപനങ്ങളും പൊളിച്ചുമാറ്റേണ്ടിവരും. ഏഴു റെയിൽവേ ഓവർ ബ്രിഡ്‌ജ്‌ ഈ പാതയിലുണ്ട്. കുടിയൊഴിപ്പിക്കൽ അടക്കം വലിയ സാമൂഹ്യപ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതിനാലാണ്  ജനവാസമേഖല പരമാവധി ഒഴിവാക്കിയുള്ള ​ഗ്രീൻഫീൽഡ് പാത നിർമിക്കുന്നത്. കൃഷി, തോട്ടം, വനം ഭൂമിയിലൂടെയാണ് പുതിയ പാത പ്രധാനമായും പോകുന്നത്. ഭൂമി ഏറ്റെടുക്കൽ, നിർമാണച്ചെലവ് കുറയും. ദൂരവും കുറയും.      Read on deshabhimani.com

Related News