മൺറോതുരുത്തിൽ കാലാവസ്ഥാ അനുരൂപ കൃഷിക്ക്‌ തുടക്കം



സ്വന്തം ലേഖകൻ കൊല്ലം കാർഷിക കേരളത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യവശങ്ങൾ അതിജീവിക്കാനായി മൺറോതുരുത്തിൽ നടപ്പാക്കിയ കാലാവസ്ഥാ അനുരൂപ കൃഷി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മൺറോതുരുത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹാരിക്കുക എന്നത്‌ സർക്കാരിന്റെ നിശ്ചയദാർഢ്യമാണ്‌. ഇതിന്റെ ഫലമാണ് പദ്ധതി. പദ്ധതിപ്രകാരം ഓരുജല നെൽക്കൃഷി ഉൾപ്പെടെ പുനരാരംഭിച്ചു. തദ്ദേശീയരുടെ ഭക്ഷ്യസുരക്ഷയും ജീവനോപാധിയും മെച്ചപ്പെടുത്താൻ ഇതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷിമന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷനായി. പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷാ ടൈറ്റസ്, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന കേന്ദ്രം ഡയറക്ടർ മീർ മുഹമ്മദ് അലി തുടങ്ങിയവർ വീഡിയോ കോൺഫറൻസിൽ പങ്കെടുത്തു.  ഓരുജല നെൽക്കൃഷി, തദ്ദേശ ഇനം മത്സ്യങ്ങളെ ഉപയോഗിച്ചുള്ള കൂട് മത്സ്യക്കൃഷി, മത്സ്യക്കൃഷിക്കായി നിലമൊരുക്കൽ, സംയോജിതമായി കണ്ടൽ വളർത്തൽ, കക്കക്കൃഷി, താറാവ് വളർത്തൽ തുടങ്ങിയവ ഉൾപ്പെടുന്ന  സംയോജിത സുസ്ഥിര ഭൂവിനിയോഗ കാർഷിക മാതൃകയാണ് കാലാവസ്ഥ അനുരൂപ കൃഷി.  പെരുങ്ങാലത്തു നടന്ന ചടങ്ങിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരൻ, അന്തർദേശീയ കായൽക്കൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയറക്ടർ കെ ജി പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News