ആളെക്കൂട്ടി കോൺഗ്രസ്‌



ശാസ്താംകോട്ട  നാടാകെ മഹാമാരി പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കോവിഡ്‌ പടർത്താൻ ലക്ഷ്യമിട്ട്‌ കോൺഗ്രസ്‌ സമരം. കോവിഡ് മാനദണ്ഡങ്ങളും ഹൈക്കോടതി നിർദേശവുമെല്ലാം കാറ്റിൽപ്പറത്തിയായിരുന്നു കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ വസതിയിലേക്കുള്ള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ മാർച്ച്‌. സാമൂഹ്യ അകലം പാലിക്കുകയും മാസ്ക്‌ ധരിക്കുകയും ചെയ്‌തില്ലെന്ന്‌ മാത്രമല്ല, കോവിഡ്‌ രോഗികളുള്ള കുടുംബങ്ങളിൽനിന്നുള്ളവരും ആരോഗ്യവകുപ്പ്‌ നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചവരും മാർച്ചിൽ അണിനിരന്നിരുന്നു. കോവിഡിനെ നേരിടുന്ന എൽഡിഎഫ്‌ സർക്കാരിന്റെ പ്രവർത്തനങ്ങളെ ഇകഴ്‌ത്തിക്കാട്ടാൻ കെപിസിസിയുടെ നിർദേശപ്രകാരമാണ്‌ താഴെത്തട്ടിലുള്ള പ്രവർത്തകരെ ഇരകളാക്കുന്നതെന്നും ആക്ഷേപമുണ്ട്‌‌. മാർച്ച്‌ പട്ടക്കടവ് ജങ്‌ഷനിൽ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഇതോടെ സമരക്കാർ മദ്യക്കുപ്പികളും കല്ലും പൊലീസിനുനേരെ വലിച്ചെറിഞ്ഞ്‌ പ്രകോപനം സൃഷ്ടിച്ചു. നിരവധി പൊലീസുകാർക്ക്‌ പരിക്കേറ്റു. കോൺഗ്രസ്‌ നേതാക്കളായ തുണ്ടിൽ നൗഷദ്, ശാസ്താംകോട്ട സുധീർ, വൈ ഷാജഹാൻ, ദിനേശ് ബാബു തുടങ്ങി 35 പേരെ പൊലീസ്‌ അറസ്റ്റ് ചെയ്‌തു. കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്‌.    Read on deshabhimani.com

Related News