വയ്യായ്‌കയിലും അരികിലുണ്ട്‌ അനൂപ്‌



ചടയമംഗലം ‘എല്ലാവരും നമ്മുടെ കൂടെപ്പിറപ്പുകൾ അല്ലേ, ഇവിടെ എനിക്കിപ്പോൾ സ്വന്തംവീട്‌ പോലെയാണ്‌. നാടിന്‌ ആവശ്യംവരുമ്പോൾ സ്വന്തം അസുഖത്തെക്കുറിച്ച്‌ ആലോചിച്ചു‌ മാറിനിൽക്കുന്നതെങ്ങനെ’. വേങ്ങൂർ പാറവിള വീട്ടിലെ അനൂപി (23)ന്റേതാണ്‌ ചോദ്യം. ഒന്നും രണ്ടുമല്ല, 125 ദിവസമായി ചെറുവക്കൽ ബൈബിൾ കോളേജിലെ നിരീക്ഷണകേന്ദ്രത്തിലുണ്ട്‌ അനൂപ്‌. വയ്യായ്‌മയിലും നിരീക്ഷണകേന്ദ്രങ്ങളിലുള്ളവരുടെ ഏതാവശ്യങ്ങൾക്കും ഒരു വിളിപ്പുറം അരികിൽ.  രോഗശയ്യയിൽനിന്ന്‌ ജീവിതത്തിലേക്ക്‌ വീണ്ടും നടന്നടുക്കുന്നതിനൊപ്പമാണ്‌ അനൂപ് സഹജീവികൾക്കും‌ തണലാകുന്നത്‌. എറണാകുളത്തെ കിറ്റക്‌സ്‌ കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ 2019ലെ ഓണനാളുകളിലാണ്‌ ചിക്കൻപോക്‌സ്‌ പിടികൂടിയത്‌. ‌ തുടർന്ന്‌ ഒരുമാസത്തെ ചികിത്സ. രോഗം ഭേദമായപ്പോൾ കാലുകൾക്ക് വേദനയും നീരും. ആശുപത്രിയിലെത്തുംമൂമ്പ്‌ വേദനയിൽ പുളഞ്ഞ്‌ അനൂപ്‌ കുഴഞ്ഞുവീണു. പരസഹായമില്ലാതെ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ ഒന്നെഴുന്നേൽക്കാൻ പോലുമോ ആകാതെ ആറുമാസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.  രക്തം കട്ടപിടിക്കുന്ന അസുഖമായിരുന്നു.  പൂർണമുക്തനാകാൻ പിന്നീട്‌ വീട്ടിലായിരുന്നു ചികിത്സ.  മാർച്ചിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ മുറിക്കുള്ളിൽ ഒതുങ്ങിയിരിക്കാൻ തയ്യാറല്ലായിരുന്നു അനൂപ്‌.  ബുദ്ധിമുട്ട്‌ നേരിടുന്നവർക്ക്‌ ഭക്ഷണമെത്തിക്കാൻ സമൂഹ അടുക്കളയിലേക്കായിരുന്നു രോഗക്കിടക്കയിൽനിന്നുള്ള ആദ്യ ഓട്ടം. പിന്നീടങ്ങോട്ട് മുഴുവൻ സമയവും ചെറുവക്കൽ ബൈബിൾ കോളേജിലെ നിരീക്ഷണകേന്ദ്രത്തിലുള്ളവർക്ക്‌ സഹായവുമായി അനൂപ്‌ കൂടി. അച്ഛനമ്മമാരെ കാണണമെന്ന ആഗ്രഹംപോലും ഉള്ളിലൊതുക്കിയാണ്‌ അനൂപ്‌ കാവലാളായി തുടരുന്നത്‌. ബാബുവിന്റെയും സുധർമയുടെയും മകനാണ്. സഹോദരി: ആതിര. Read on deshabhimani.com

Related News