ആടിനെ മോഷ്ടിച്ച 4 യുവാക്കൾ അറസ്റ്റിൽ



തെന്മല ആടിനെ മോഷ്ടിച്ച കേസിൽ നാലു യുവാക്കളെ തെന്മല പൊലീസ് അറസ്റ്റ്ചെയ്തു. മറ്റൊരു വീട്ടിൽ നിന്ന്‌ ആടിനെ മോഷ്‌ടിച്ച്‌ കാറിൽ കടത്തവേയാണ്‌ പ്രതികൾ കുടുങ്ങിയത്‌. കോട്ടുക്കൽ അജീന മൻസിലിൽ അജാസ് (32), ചാണപ്പാറ മണ്ടകുന്നിൽ വീട്ടിൽ അനസ് (24 ), മണലുവെട്ടം സുരേഷ് ഭവനിൽ ശ്യം (21), പുന്നല സുനിൽ ഭവനിൽ സുനിൽ (25)എന്നിവരാണ് അറസ്റ്റിലായത്.  കഴിഞ്ഞാഴ്ച ചാലിയക്കര ചെറുതന്നൂർ കുഞ്ഞപ്പിയുടെ വീട്ടിൽ കാറിലെത്തിയ യുവാക്കൾ ആടിന് വില പറഞ്ഞെങ്കിലും വില്‍പ്പന നടന്നില്ല. ഇതിനു രണ്ടുദിവസത്തിനുശേഷമാണ് ആടുകളെ കാണാതായത്.  ഈ ഭാഗത്തെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയെങ്കിലും രാത്രി വാഹനങ്ങൾ ഒന്നും പോയതായി കണ്ടെത്താനായില്ല. തുടർന്ന്‌ പകൽ ഇതുവഴിപോയ ചുവന്ന കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം കാർ വാടകയ്ക്കു നൽകുന്ന ആളിലെത്തി.  ഇയാളുടെ വീട്ടിലുണ്ടായിരുന്ന കാറിൽ  പൊലീസ് നടത്തിയ പരിശോധനയിൽ ആടിന്റെ രോമം കണ്ടെത്തി.  തുടർന്ന്‌ കാറുടമ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളായ നാല് യുവാക്കളെ ചിതറയിൽനിന്ന് പിടികൂടുകയായിരുന്നു.  ഇടമൺ വില്ലേജിൽ എബനേസറിന്റെ വീട്ടിലെ ആടുകളെ മോഷ്ടിച്ച് കാറിൽ കടത്തിക്കൊണ്ടു പോകവേയാണ്‌ പ്രതികൾ കുടുങ്ങിയത്‌. തെന്മല ഐഎസ്എച്ച്ഒ ശ്യം, എസ്ഐ സുബിൻ തങ്കച്ചൻ, സിപിഒമാരായ ചിന്തു, അനീഷ്, നിധിൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. Read on deshabhimani.com

Related News