നവകേരള സൃഷ്ടിക്കായി 
തൊഴിലാളികൾ രംഗത്തിറങ്ങണം



കൊല്ലം നവകേരള സൃഷ്ടിക്കായി ചുമട്ടുതൊഴിലാളികൾ രംഗത്തിറങ്ങണമെന്ന്‌ കേരള ഹെഡ്‌ലോഡ്‌ ആൻഡ്‌ ജനറൽ വർക്കേഴ്‌സ്‌ ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. മുതലാളിത്ത സമൂഹത്തിനുവേണ്ടി നിലകൊള്ളുന്ന കേന്ദ്രനയങ്ങൾക്ക്‌ എൽഡിഎഫ്‌ സർക്കാർ ബദൽനയങ്ങൾ മുന്നോട്ടുവയ്‌ക്കുകയാണ്‌. നികുതി പിരിക്കാനുള്ള സംസ്ഥാനങ്ങളുടെ അവകാശം പോലും കേന്ദ്ര സർക്കാർ നിഷേധിക്കുന്ന സാഹചര്യത്തിലാണ് ബദൽ കാഴ്ചപ്പാടോടെ പിണറായി  സർക്കാർ പുതിയൊരു കേരളം സൃഷ്ടിക്കുന്നത്.  ബദൽ നയങ്ങളുടെ അടിത്തറയിൽ കേരളത്തെ പുതുക്കിപ്പണിയാനുള്ള യജ്ഞത്തിൽ തൊഴിലാളിവർഗത്തിന്റെ കലവറയില്ലാത്ത പിന്തുണ അനിവാര്യമാണ്. ബൂർഷ്വാമാധ്യമങ്ങളും ചില സ്വകാര്യ സംരംഭകരും സർക്കാരിനെതിരായ നിരന്തര പ്രചാരണത്തിലാണ്‌. വൈജ്ഞാനികസമൂഹമായി മാറാൻ പോകുന്ന കേരളത്തിൽ വിദ്യാഭ്യാസ യോഗ്യതയ്‌ക്കും കഴിവിനും അനുസരിച്ച്‌ തൊഴിൽ ലഭിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണം. ചുമട്ടുതൊഴിലാളികളുടെ വാങ്ങൽ കഴിവും ജീവിതനിലവാരവും  മെച്ചപ്പെടുത്തണം. സർവതോന്മുഖമായ സാമൂഹ്യപുരോഗതിക്ക്‌ തൊഴിലാളികൾ ഒന്നിച്ച് അണിനിരക്കണം. തൊഴിലാളികൾക്ക്‌ എതിരായ കോടതിവിധികൾ ആധുനിക സമൂഹത്തിന്‌ യോജിച്ചതല്ലെന്നും പ്രമേയത്തിൽചൂണ്ടിക്കാട്ടി. ഫെഡറേഷൻ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പി കെ ശശി പ്രമേയം അവതരിപ്പിച്ചു. Read on deshabhimani.com

Related News