കെഎസ്ആര്‍ടിസിയിൽ 
3 പേര്‍ക്ക് സസ്പെൻഷൻ



കൊല്ലം ലോ​ഗ്ഷീറ്റിൽ അസഭ്യം എഴുതിയ സംഭവത്തിൽ ഡ്രൈവർ ഉൾപ്പെടെ കെഎസ്ആർടിസി കൊല്ലം യൂണിറ്റിലെ മൂന്നുപേർക്ക് സസ്പെൻഷൻ. അശ്ലീലമെഴുതിയ ഡ്രൈവർ കെ കെ തമ്പാൻ, പരാമർശങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിക്കാനിടയായതിൽ മെക്കാനിക് കെ അഴകേശൻ, പരാതി തയ്യാറാക്കിയതിലെ വീഴ്ചയിൽ ചാർജ്മാൻ വി ബിനു എന്നിവർക്കെതിരെയാണ് നടപടി. ഇൻസ്പെക്ടർ ആർ സുനിൽകുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ​ഗുരുതര അച്ചടക്കലംഘനത്തിനും കൃത്യവിലോപത്തിനും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഉത്തരവിറക്കിയത്. വണ്ടിക്ക് എന്തെങ്കിലും തകരാറുണ്ടോയെന്ന് യാത്രയ്ക്കുശേഷം രേഖപ്പെടുത്തേണ്ട കോളത്തിലാണ് കൊല്ലം–-പത്തനംതിട്ട സർവീസ് നടത്തിയിരുന്ന ബസിലെ ഡ്രൈവർ തമ്പാൻ കഴിഞ്ഞ ഒക്ടോബറിൽ സീറ്റിലെ അപാകത അസഭ്യപരാമർശങ്ങൾ ചേർത്ത് എഴുതിയത്‌. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പഴയ സീറ്റ് മാറ്റി പുതിയത് ഘടിപ്പിച്ചതിനാൽ ഡ്യൂട്ടി ചെയ്യുന്നതിലുണ്ടായ ശാരീരിക ബുദ്ധിമുട്ട് നാട്ടുഭാഷയിൽ രേഖപ്പെടുത്തുകയായിരുന്നു എന്നാണ്‌ തമ്പാന്റെ വിശദീകരണം. സംഭവം  കോർപറേഷന് അവമതിപ്പുണ്ടാക്കിയെന്നും സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി. Read on deshabhimani.com

Related News